കനത്തമഴയില്‍ കരുവന്നൂര്‍ ഇല്ലിക്കല്‍ റഗുലേറ്റര്‍ ബണ്ട് റോഡ് തകര്‍ന്നു. കഴിഞ്ഞ പ്രളയകാലത്തു തകര്‍ന്ന അതേഭാഗത്തു തന്നെയാണ് വീണ്ടും റോഡ് ഇടിഞ്ഞത്. മഴക്കെടുതിയിലാണ് കരുവന്നൂര്‍ ഇല്ലിക്കല്‍ ബണ്ട് റോഡ് തകര്‍ന്നത്. മൂര്‍ക്കനാട് നിന്ന് കാറളം ഭാഗത്തേയ്ക്കുള്ള റോഡാണിത്. നിലവില്‍ റോഡ് ഗതാഗത യോഗ്യമല്ലാതെയായി. 

മുന്‍പ്രളയത്തിലും റോഡിനും തകര്‍ച്ച സംഭവിച്ചിരുന്നു. പക്ഷേ, അറ്റക്കുറ്റപ്പണി വൈകി. ജലസേചന വകുപ്പ് അധികൃതര്‍ ഉചിതമായി ഇടപെടാത്തതായിരുന്നു കാരണം. പിന്നീട്, മുളവച്ചു കെട്ടി മണല്‍ചാക്ക് ഇട്ടാണ് ബണ്ട് റോഡ് ബലപ്പെടുത്തിയത്. ആറു മീറ്റര്‍ ഉയരത്തില്‍ മുപ്പതു മീറ്റര്‍ നീളത്തില്‍ കരിങ്കല്ല് കെട്ടിയാല്‍ മാത്രമേ ബണ്ട് റോഡിന് ബലമുണ്ടാകൂ. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്ലാന്‍ തയാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ റോഡ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.