കോവിഡ് ഇടവേള കഴിഞ്ഞ് വെണ്‍മണി ശാര്‍ങക്കാവ് ക്ഷേത്രത്തിലേക്ക് പുഴയിലൂടെ കെട്ടുകുതിരയെത്തി. വേലത്തേരില്‍ വേലകളിക്കാര്‍ ചുവടുവച്ചു.ഓണാട്ടുകരയുടെ കെട്ടുകാഴ്ചകളില്‍ വ്യത്യസ്തമാണ് ശാര്‍ങക്കാവിലെ കാഴ്ചകള്‍. പുഴയിലൂടെ ചങ്ങാടത്തിലെത്തിക്കുന്ന ഭീമാകാരമായ കെട്ടുകുതിരകള്‍. മറ്റ് കെട്ടുകാഴ്ചകളില്‍ കുതിരകഴ്‍ ചാടിലേറി വരുമ്പോള്‍ ശാര്‍ങക്കാവില്‍ നാലുകരകളിലെ കുതിരകള്‍ അച്ചന്‍കോവിലാറ്റിലൂടെ ഒഴുകിയെത്തു.  ആറ്റുവ, പുന്തല, ഇടപ്പോണ്‍,ചെറുമുഖ  കരകളുടെ കുതിരകളാണ് വെള്ളത്തിലൂടെ കെട്ടുകാഴ്ചയ്ക്കെത്തിക്കുന്നത്. നാലുവള്ളങ്ങള്‍ ചേര്‍ത്ത് കെട്ടി മുകളില്‍ മുളയും ബലമേറിയ തടികളും ചേര്‍ത്ത് കെട്ടിയ ചങ്ങാടത്തിലാണ് കുതിര വരുന്നത്. ചങ്ങാടത്തില്‍ കെട്ടിയുറപ്പിച്ച് മുഴകൊണ്ടുള്ള കഴ കൊണ്ടൂന്നിയാണ് കുതിരയടങ്ങിയ ചങ്ങാടം നീങ്ങുന്നത്. പാലവും, വഴിയും ഇല്ലാത്ത കാലത്ത് കരക്കാരുടെ ഇച്ഛാശക്തിയാണ് അച്ചന്‍കോവിലാറു വഴി കെട്ടുകുതിരയെ എത്തിച്ചത്. ഇന്നും കരക്കൂട്ടത്തിന് അതേ ഒരുമ. നില തെറ്റാതിരിക്കാന്‍ നാലുവശത്തും വടം വലിച്ച് കരയിലും വെള്ളത്തിലുമായി കരുത്തന്‍മാര്‍.ചാടില്‍ ഉരുണ്ടു വരുന്ന കുതിരകള്‍ക്കിടയില്‍ കരക്കാരുടെ തോളിലേറിയാണ് നാലുകരകളുടെ കുതിരകള്‍ കെട്ടുകാഴ്ചയ്ക്കെത്തുന്നത്. വേലത്തേരാണ് ശാര്‍ങക്കാവിലെ മറ്റൊരു കൗതുകം. പോരു പഠിച്ച പടയാളികള്‍ പഠിച്ച ചുവടുകള്‍ കരദേവന്‍റെ മുന്നില്‍ വാദ്യങ്ങളുടെ അവതരിപ്പിക്കുന്ന അനുഷ്ഠാനമാണ് വേലകളി. പ്രത്യേക തേരിലാണ് ശാര്‍ങക്കാവില്‍ വേലകളി അവതരിപ്പിക്കുന്നത്. 360 ഡിഗ്രിയില്‍ കറക്കാന്‍ കഴിയുന്ന ഭീമാകാരമായ വേലത്തേര്. അയ്യപ്പന്‍ ഇവിടെയെത്തി പയറ്റുപഠിച്ചു എന്ന സങ്കല്പത്തില്‍ പന്തളത്ത് രാജാവിന്‍റെ മുന്നില്‍ അവതരിപ്പിച്ചു തുടങ്ങിയതാണ് തേരിലെ വേലകളി. കൈമണി പിടിച്ച ആശാന്‍ ചുവടുകാട്ടും. മുഖത്തോടും മുഖം നോക്കി വീറോടെ അനുഷ്ഠാന യോധാക്കള്‍ ചുവടുവയ്ക്കും. കൊമ്പും, ചെണ്ടയും, വീരമദ്ദളവും, തപ്പും, ഇലത്താളവുമാണ് അകമ്പടി. വിഡിയോ