വേനൽ ശക്തം; വെള്ളമില്ലാതെ തിട്ടമേൽ നിവാസികൾ

വേനൽ ശക്തമായതോടെ വെള്ളമില്ലാതെ പരിഭ്രാന്തിയിലാണ് ചെങ്ങന്നൂർ നഗരാതിർത്തിയിലെ തിട്ടമേൽ നിവാസികൾ. ചെങ്ങന്നൂർ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തിട്ടമേൽ  21-ാം വാർഡിലെ   200 ലേറെ  കുടുംബങ്ങളാണ് ആഴ്ചകളായി കുടിവെള്ളത്തിനു നെട്ടോട്ടമോടുന്നത്. ടാങ്കറിലെ കുടി വെള്ള വിതരണക്കാരുമായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്ന രഹസ്യ ഇടപാടുകളാണ് വെള്ളം കിട്ടാത്തതിന് കാരണമെന്നാണ് ആരോപണം.

കിണറുകൾ വറ്റി വരണ്ടു.  ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലും വെള്ളമെത്തിയിട്ട് മാസങ്ങളായി. കാൽ ലക്ഷം വരെ മുടക്കി കുടിവെള്ള കണക്ഷൻ എടുത്ത കുടുംബങ്ങൾക്ക് വെള്ളം കിട്ടാതായെങ്കിലും ബില്ല് വൈകാറില്ല.  ടൗണിൽ നിന്ന്  നന്നേ ഉയർന്നു നിൽക്കുന്ന ഈ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ്  ഒക്ടോബറിൽ തന്നെ താഴ്ന്നു  ;  ഡിസംബർ അവസാനമായപ്പോൾ ജലസ്രോതസുകളെല്ലാം വറ്റി വരണ്ടിരുന്നു . ഇപ്പോൾ  വേനലും കനത്തതേടെ  കുടിവെള്ളം വൻ വില കൊടുത്തു വാങ്ങണം.പുലിയൂർ പഞ്ചായത്ത് നാലാം വാർഡായ നൂറ്റവൻ പാറയോടു ചേർന്നു കിടക്കുന്ന ഭൂപ്രദേശമായതു കൊണ്ടു തന്നെ തിട്ടമേൽ - പുളിമൂട്ടിൽപടി മേഖലയിലെ കിണറുകളിലെല്ലാം തന്നെ   തട്ടുപാറകളുണ്ട്.   അതുകൊണ്ടു  കിണറുകൾ വേഗത്തിലാണു വറ്റുക. മിക്ക കിണറുകളിലും പാറയുള്ളതിനിൽ ഇനി ആഴം കൂട്ടുന്നതിനും കഴിയില്ല.

 കോലാ മുക്കം കുടിവെള്ള പദ്ധതിയിൽ നിന്ന്  പ്രത്യേകം പൈപ്പുലൈൻ വലിച്ച് തിട്ടമേൽ അരമന - ഹാച്ചറി റൂട്ടിലൂടെ  കീരിക്കാട്ട്   - പുളിമൂട്ടിൽ പടി ഭാഗത്തേക്ക് ജല വിതരണ സംവിധാനം വർഷങ്ങൾക്കു മുമ്പേ ഒരുക്കിയിരുന്നു. അക്കാലത്തു തന്നെ  ഈ ലൈനിൽ നിന്നും  നിരവധി സമീപ വീടുകളിലേക്ക് ജല വിതരണ കണക്ഷനും നൽകിയിട്ടുണ്ട്. പക്ഷെ വെള്ളം സ്വപ്നമാണ്.   ഉയർന്ന പ്രദേശമായതിനാൽ പമ്പു ചെയ്യുന്ന വെള്ളം ഇവിടേക്ക് എത്താൻ സാങ്കേതിക തടസമുണ്ടെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത് .