നീരൊഴുക്ക് തടസപ്പെട്ട് നെൽകൃഷി നശിക്കുന്നു; സംരക്ഷിക്കാൻ നടപടി വേണം

എറണാകുളത്തിന്റെ നെല്ലറയായ തോട്ടറപുഞ്ചയിലെ നെല്‍കൃഷി നശിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി പഞ്ചായത്തും കര്‍ഷക കൂട്ടായ്മകളും. തോട്ടറ തോടില്‍ നിന്നും മൂവാറ്റുപുഴയാറിലേക്കുള്ള നീരൊഴുക്ക് സുഗമമാകാത്തതാണ് വെള്ളക്കെട്ടില്‍ പാടങ്ങള്‍ നശിക്കാന്‍ കാരണമാകുന്നത്. ഇതില്‍ നിന്നുള്ള ശാശ്വത പരിഹാരമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

പതിറ്റാണ്ടുകള്‍ ജില്ലയിലെ കാര്‍ഷിക സംസ്കാരത്തിന്റെ പ്രതീകമായിരുന്നു തോട്ടറപുഞ്ച. നെല്‍കൃഷി ലാഭകരമല്ലാതായതോടെ കര്‍ഷകര്‍ പതിയെ പുഞ്ചയെ ഉപേക്ഷിക്കാന്‍ തുടങ്ങി. പിന്നീട് കാലങ്ങളോളം കാട് കയറി കി‍‍ടന്ന തോട്ടറപുഞ്ചയിലെ കൃഷി വീണ്ടെടുത്ത് അഞ്ച് വര്‍ഷം മുന്‍പാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്കൊപ്പം കൃഷിക്കാരുടെ കൂട്ടായ്മ കൂടി പങ്കാളിയായതോടെയാണ് ഇത് സാധ്യമായത്. ഒരുപ്പൂ കൃഷി നടക്കുന്ന തോട്ടറയില്‍ നിന്ന് കഴിഞ്ഞ സീസണിലും കൊയ്തെടുത്തത് പത്തരമാറ്റ് വിളവ്. എന്നാല്‍ കാലം തെറ്റി പെയ്യുന്ന മഴയാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം വീണ്ടും താളം തെറ്റിച്ചത്. മൂവാറ്റുപുഴയാറിനെ പുഞ്ചയുമായി ബന്ധിപ്പിക്കുന്ന പുലിമുഖത്തെ ഒഴുക്ക് സുഗമമാക്കിയാലേ വെള്ളം കെട്ടില്‍ നിന്ന് പുഞ്ചയെ സംരക്ഷിക്കാന്‍ കഴിയൂ. 

ഇതിനൊപ്പം പുലിമുഖത്ത് അടിഞ്ഞുകൂടിയ മണലും നീക്കം ചെയ്യണം. 1200 ഏക്കറില്‍ പരന്ന് കിടക്കുന്ന പാടശേഖരത്തില്‍ പകുതിയില്‍ താഴെ പ്രദേശത്ത് മാത്രമാണ് ഇക്കുറി കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ സാധിച്ചത്.