സപ്ലൈകോ മെഡിക്കൽ സ്റ്റോർ നവീകരണത്തിനായി അടച്ചിട്ട് തുറന്നില്ല; എടത്വയിൽ പ്രതിഷേധം

ആലപ്പുഴ ജില്ലയിലെ എടത്വ സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ നവീകരണത്തിന് അടച്ച് ‌ഒന്നരമാസം കഴിഞ്ഞിട്ടും തുറക്കാത്തതില്‍ പ്രതിഷേധം. സമീപത്തെ മറ്റ് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വേണ്ടിയാണ് തുറക്കല്‍ നീളുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.

നവീകരിക്കുന്നതിനായിട്ടാണ് നവംബര്‍ 19 ന് മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ മരുന്നുകള്‍ക്കും 25 ശതമാനവും മറ്റുള്ളവര്‍ക്ക് ഇന്‍സുലിന് 20 ശതമാനവും ഇംഗ്ലീഷ് മരുന്നുകള്‍ക്ക് 13 മുതല്‍ 50 ശതമാനം വരെയുമാണ് ഇവിടെ നിന്ന് വില കുറച്ച് കിട്ടുന്നത്. ഇന്‍സുലിന്‍, കാര്‍ഡിയോളജി, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ജീവന്‍ രക്ഷാ മരുന്നുകള്‍ വിലകുറവില്‍ ലഭിക്കുന്നതിനാല്‍ ഒട്ടേറെയാളുകളാണ് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിനെ ആശ്രയിച്ചിരുന്നത്. ഇനി എന്നു തുറക്കുമെന്നതിലാണ് ആശങ്ക.

മരുന്നുകള്‍ വിലകുറച്ച് കിട്ടുന്ന സൗകര്യം ഇല്ലാതായതോടെ മറ്റുള്ള മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് അമിത വിലക്കാണ് ജനങ്ങള്‍ ഇപ്പോള്‍ മരുന്ന് വാങ്ങുന്നത്. മെഡിക്കല്‍ സ്റ്റോര്‍ തുറക്കുന്നതിനുള്ള നടപടി അതിവേഗം സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.