ചിറ്റൂര്‍ തത്തമംഗലം നഗരസഭയിൽ നിയമലംഘനം; കോൺഗ്രസ് പ്രതിഷേധം

നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുറി കുറഞ്ഞ വാടകയ്ക്ക് അധ്യക്ഷയുടെ ഭർത്താവിന് നൽകിയെന്ന് ആരോപണം. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലാണ് നിയമലംഘനം നടന്നതിന്റെ രേഖകള്‍ പുറത്തുവന്നത്. അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. 

അമ്പാട്ട് ഈച്ചര മേനോൻ വാണിജ്യ സമുച്ചയത്തിലെ മുറി വാടകയ്ക്ക് നൽകിയതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. മുറി വൈദ്യുതീകരിക്കുന്നതിനും വാടക നിശ്ചയിക്കാനും നഗരസഭ യോഗത്തിൽ അജണ്ട വെച്ചിരുന്നു. എന്നാൽ ചര്‍ച്ചയില്ലാതെ നഗരസഭാധ്യക്ഷ കെ.എൽ. കവിതയുടെ ഭർത്താവ് കെ.രാധാകൃഷ്ണന്റെ പേരില്‍ അയ്യായിരം രൂപ മുന്‍കൂര്‍ നിക്ഷേപവും ആയിരം രൂപ മാസ വാടകയും നിശ്ചയിച്ച് നല്‍കുകയായിരുന്നു. നഗരസഭയുടെ മറ്റ് വാണിജ്യ സമുച്ചയങ്ങളിലെ ഇതേ സ്വഭാവമുള്ള മുറിയ്ക്ക് അഞ്ച് ലക്ഷത്തിന്റെ നിക്ഷേപവും അയ്യായിരം രൂപ വാടകയും ഈടാക്കുന്ന സ്ഥാനത്താണ് ഈ പകൽ കൊള്ളയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.  

നഗരസഭയുടെ മുറി വാടകയ്ക്ക് നൽകുമ്പോൾ പത്രപരസ്യം നൽകി രണ്ട് തവണ ലേലം കൊള്ളണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയൊന്നും പാലിക്കാതെ നടത്തിയ ഇടപാട് സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമാക്കുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ പറഞ്ഞു. തുടര്‍ പ്രതിഷേധത്തിനാണ് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.