കൊച്ചിയിലെ ഓളപ്പരപ്പുകളിലേക്ക് വാട്ടർ മെട്രോ; ആദ്യ ബോട്ട് കൈമാറ്റം ഇന്ന്

കൊച്ചി വാട്ടർ മെട്രോയ്ക്കു വേണ്ടി കൊച്ചി കപ്പൽശാല നിർമിച്ച ആദ്യ ബോട്ട് ഇന്ന് കൈമാറും. വാട്ടർ മെട്രോയുടെ ഭാഗമായി നിർമിക്കുന്ന 100 പേർക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളിൽ‍ ആദ്യത്തേതാണ് പൂർത്തിയാക്കി കൈമാറുന്നത്. ബാറ്ററിയിലും ഡീസൽ  ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട്.

കൊച്ചിയുടെ ഓളപ്പരപ്പുകൾ പ്രൗഢ യാത്രയൊരുക്കാൻ വാട്ടർ മെട്രോ എത്തുകയാണ്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പുതുമകൾക്കൊണ്ട് സമ്പന്നം. ജലഗതാഗതത്തിൽ കണ്ടു പഴകിയ ദ്രവിച്ച ബോട്ടല്ല, നല്ല ഒന്നാം തരം എ.സി ബോട്ട് . മെട്രോ ട്രെയിന് സമാനമായ സീറ്റുകൾ, ഓളങ്ങൾ അധികമുണ്ടാക്കാത്ത ഡിസൈൻ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബോട്ട് പതിനഞ്ച് മിനിറ്റു കൊണ്ട് ചാർജ് ചെയ്യാം. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഡീസൽ ജനറേറ്ററുമുണ്ട്. മണിക്കൂറിൽ 10 നോട്ടിക്കൽ മൈലാണ് വേഗം. പരമ്പരാഗത ബോട്ടിനേക്കാൾ വേഗതയുണ്ടാകുമെന്ന് സാരം. 

അഞ്ച് ബോട്ടുകളുടെ  നിർമാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അതും കൈമാറും.  വാട്ടർ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. വൈറ്റില, കാക്കനാട് ടെർമിനലുകൾ ഏറെക്കുറെ തയാറായി കഴിഞ്ഞു. നിർമാണവും ഡ്രെഡ്ജിങ്ങും പൂർത്തിയായി. ഫ്ളോട്ടിങ് ജട്ടികളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. 76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടർ  മെട്രോ.