പണം കൊടുത്ത് പൈപ്പിട്ടിട്ടും കുടിവെള്ളം കിട്ടാക്കനി; വലഞ്ഞ് പാണ്ഡവൻപാറ

പണം കൊടുത്തു കുടിവെള്ള പൈപ്പിട്ടിട്ടും വെള്ളം ഒരു സ്വപ്നം മാത്രമാണ് ചെങ്ങന്നൂര്‍ പാണ്ഡവന്‍ പാറയിലെ കുടുംബങ്ങള്‍ക്ക്. പണം കൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിക്കുകയാണ് മിക്ക കുടുംബങ്ങളും.

ഒരു വര്‍ഷം മുന്‍പാണ് ചെങ്ങന്നൂര്‍ നഗരസഭയുടെ ഭാഗമായ പാണ്ഡവന്‍ പാറയുടെ താഴത്തെ ഇരുപതിലധികം കുടുംബങ്ങള്‍ കുടിവെള്ള കണക്ഷന്‍ എടുത്തത്. വാട്ടര്‍ അതോറിറ്റിക്ക് 13000 രൂപയോളം അടച്ചു. ആദ്യഘട്ടത്തില്‍ വെള്ളം തടസമില്ലാതെ കിട്ടി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വെള്ളം ഒരു സങ്കല്‍പം മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.

3000 ലീറ്ററിന് എണ്ണൂറ് രൂപയാണ് ടാങ്കറിലെത്തുന്ന വെള്ളത്തിന്. പലയിടത്തും പൈപ്പ് പൊട്ടിയിട്ടും ശരിയാക്കാന്‍ നടപടിയില്ല. വിളിച്ചാല്‍ ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍പോലും എടുക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.