ഈരാറ്റുപേട്ടയിൽ പ്രത്യേക സാഹചര്യമെന്ന് സിപിഎം; ‘തെറ്റുകൾ തിരുത്തും’

ഈരാറ്റുപേട്ടയിൽ പാർട്ടിയിലുണ്ടായ  തെറ്റായപ്രവണതകൾ തിരുത്തുമെന്ന് സിപിഎം നേതൃത്വം. നേതാക്കളുടെ വർഗീയ നിലപാട് അംഗീകരിക്കാനില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി എ.വി റസൽ വ്യക്തമാക്കി. പാലായിലും കടുത്തുരുത്തിയിലും  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജാഗ്രത കുറവുണ്ടായെങ്കിലും  നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തൽ.  

ഈരാറ്റുപേട്ടയിൽ പ്രത്യേക സാഹചര്യമെന്നാണ് സിപിഎം നിലപാട്.  നഗരസഭയിൽ എൽഡിഎഫ് അവിശ്വാസത്തിന് എസ്ഡിപിഐ പിന്തുണ, സിപിഎം കൗൺസിലറുടെ വർഗീയ പരാമർശം ലോക്കൽ കമ്മറ്റി പിടിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിൻ്റെ നീക്കം പാർട്ടിയെ വിവാദങ്ങൾക്ക് നടുവിൽ നിർത്തിയ സംഭവങ്ങൾ നിരവധി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുമായി വിവാദങ്ങളെ പ്രതിരോധിക്കാനാണ് നേതൃത്വത്തിൻ്റെ നീക്കം. ലോക്കൽ കമ്മറ്റി സമ്മേളനത്തിലെ തെറ്റായ പ്രവണതക്കെതിരെ നടപടിയെടുത്തത് 12 പേർക്കെതിരെ. അഞ്ചു പേരെ പുറത്താക്കി ഏഴു പേരെ സസ്പെൻഡ് ചെയ്തു.  എസ്ഡിപിഐ കൂട്ടുകെട്ടിന്റെ പേരിൽ രണ്ടുപേർക്കെതിരെ നടപടിയുണ്ടായി.  വർഗീയ പരാമർശം നടത്തിയ നഗരസഭാ കൗൺസിൽ അംഗം അനസ് പാറയിലിന്റെ നടപടി അംഗീകരിക്കാനാവില്ല എന്നും ജില്ലാ സെക്രട്ടറി പറയുന്നു.നഗരസഭയിൽ എസ്ഡിപിഐ നേതൃത്വവുമായി പാർട്ടി നേതാക്കൾ ചർച്ച നടത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു. പാലായിലും കടുത്തുരുത്തിയിലും നടപടിയെടുക്കേണ്ട തരത്തിൽ വീഴ്ചയില്ല. ഈരാറ്റുപേട്ടയിൽ പാർട്ടിക്കുള്ളിലെ അപസ്വരങ്ങൾ കൂടുതൽ ഗൗരവത്തോടെ നേരിടാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.