ഈരാറ്റുപേട്ടയിൽ സ്വകാര്യ ബസ്റ്റാന്‍ഡ് സമുച്ചയം പുതുക്കിപ്പണിയും

ഈരാറ്റുപേട്ട നഗരത്തില്‍ ജീര്‍ണാവസ്ഥയിലായ സ്വകാര്യ ബസ്റ്റാന്‍ഡ് സമുച്ചയം പുതുക്കിപ്പണിയാന്‍ തീരുമാനം. ഇരുനിലക്കെട്ടിടത്തിന് പകരം അഞ്ച് നിലകളുള്ള മള്‍ട്ടിപര്‍പ്പസ് കെട്ടിടമാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. കടമുറികളുടെ എണ്ണം വര്‍ധിക്കുന്നതുവഴി കൂടുതല്‍ വരുമാനവും നഗരസഭ പ്രതീക്ഷിക്കുന്നു. 

നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ്റ്റാന്‍ഡിന് നാൽപ്പത് വർഷത്തിലേറെ പഴക്കമുണ്ട്.  കെട്ടിടത്തിന്റെ പലഭാഗങ്ങളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. കഴിഞ്ഞ മാസം ബസ് കാത്തിരുന്ന യുവതിയുടെ തലയില്‍ കോൺക്രീറ്റ് അടർന്ന് വീണ് പരുക്കേറ്റു. സ്റ്റാൻഡ് നവീകരണം വര്‍ഷങ്ങളായി നഗരസഭാ ബജറ്റില്‍ ഇടംപിടിക്കാറുണ്ടെങ്കിലും നടപ്പിലാകാറില്ല. എന്നാൽ ഇക്കുറി ആ പതിവു മാറ്റാൻ ഒരുങ്ങുകയാണ് നഗരസഭ. പുതിയ കെട്ടിടത്തിനായി  7കോടി 80 ലക്ഷം രൂപയുടെ ഡിപിആര്‍ തയാറാക്കി.  

നിലവിലെ കെട്ടിടത്തിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് വാടകവരുമാനം. 72 ഷട്ടറുകളും ഓഫീസ് ഏരിയയും കാര്‍ പാര്‍ക്കിംഗ് സൗകര്യമടക്കം പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തും. വാടക നാലര ലക്ഷം രൂപയാക്കി ഉയർത്തുകയാണ് ലക്ഷ്യം.   അതേസമയം കെട്ടിടം പൊളിക്കുന്നതോടെ പുനരധിവാസം ഉറപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.2 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ടൗണ്‍ സ്റ്റാന്‍ഡ് പൊളിക്കുന്നതോടെ ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തനം കടുവാമൂഴിയിലെ രണ്ടാം സ്റ്റാന്‍ഡിലേയ്ക്ക് മാറ്റും.