കാലടി പാലത്തിൽ അർധരാത്രി മുതൽ ഗതാഗത നിരോധനം; അടയ്ക്കും

എറണാകുളം കാലടി പാലത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഗതാഗത നിരോധനം. അറ്റകുറ്റപണികള്‍ക്ക് മുന്നോടിയായുള്ള പരിശോധനകള്‍ക്കായി ഇന്ന് അര്‍ധരാത്രി പാലം അടയ്ക്കും. ഗതാഗത നിരോധനത്തിന് മുന്നോടിയായി ബദല്‍ റൂട്ടുകളിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാലടി ശ്രീശങ്കര പാലം അപകടാവസ്ഥയിലാണെന്ന ആശങ്കകള്‍ക്കിടെയാണ് പാലം പാലത്തിന്റെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച പഠനം നടത്തുന്നതിനായി പാലം അടയ്ക്കുന്നത്. 18 വരെയാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുള്ളത്. നാളെ മുതല്‍ 3 ദിവസം കാല്‍നടയാത്രയും അനുവദിക്കില്ല. പാലം അടച്ചിടുന്നത് മൂലമുള്ള ഗതാഗതക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി. വാഹനങ്ങള്‍ തിരിച്ചുവിടുന്ന കാലടി മലയാറ്റൂര്‍ റോഡിലേയും  മലയാറ്റൂര്‍ കുറിച്ചിലക്കോട് റോഡിലേയും കുഴികളെല്ലാം അടച്ചു. 

പെരുമ്പാവൂര്‍ റൂട്ടിലെ വാഹനങ്ങള്‍ ഇതുവഴിയാണ് തിരിച്ചുവിടുന്നത്. ചെങ്കല്‍ ചൊവ്വര റോഡ്, വല്ലം പനങ്കുഴി റോഡ് എന്നിവിടങ്ങളിലെ അറ്റകുറ്റപണികളും പുരോഗമിക്കുകയാണ്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ബദല്‍ റോഡുകളിലെ യാത്ര സുഗമമാവും. വിവിധധ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കുള്ള ബദല്‍ യാത്രാ മാര്‍ഗങ്ങള്‍ ഇങ്ങിനെയാണ്. വടക്കുഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്ന് ആലുവ പെരുമ്പാവൂര്‍ വഴിയും, തെക്കുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂരില്‍ നിന്ന് ആലുവ അങ്കമാലി വഴിയും തിരിഞ്ഞു പോകണം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡിലൂടെ എയര്‍പോര്‍ട്ടിലെത്തിച്ചേരാം. വാഹനങ്ങള്‍ തിരിഞ്ഞു പോകുന്ന പ്രധാന റോഡുകളിലെല്ലാം പൊലീസിനെ നിയോഗിക്കും. കൂടാതെ ദിശാ ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ട്.