ഏലത്തെ രക്ഷിക്കാൻ സ്പൈസസ് ബോർഡ്; വിദേശവിപണി തിരിച്ചുപിടിക്കാൻ പദ്ധതി

അമിത കീടനാശിനി ഉപയോഗം മൂലം ഏലത്തിന് നഷ്ടപ്പെട്ട വിദേശവിപണി തിരിച്ചുപിടിക്കാൻ പദ്ധതിയുമായി സ്പൈസസ് ബോർഡ്. ജൈവ ഏലകൃഷി പ്രോല്‍സാഹന പദ്ധതിയുടെ ആദ്യ ഘട്ടത്തിനു ഇടുക്കി പുറ്റടിയില്‍ തുടക്കം കുറിച്ചു.  

ജില്ലയിൽ ഉൽപാദിപ്പിക്കുന്ന ഏലക്കാ അമിത കീടനാശിനി പ്രയോഗം മൂലം കയറ്റുമതി രംഗത്ത് വർഷങ്ങളായി പുറന്തള്ളപ്പെടുകയാണ്. ഇതിന് പരിഹാരം എന്ന നിലയിൽ അമിത വിഷപ്രയോഗം ഒഴിവാക്കുകയും, ജൈവകൃഷിയിൽ താൽപര്യമുള്ളവർക്ക് ഇതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന പദ്ധതിക്കാണ് സ്പൈസസ് ബോർഡ് തുടക്കം കുറിച്ചത്. ഗുണനിലവാരം കൂടിയ ഏലക്കാ ഉൽപ്പാദിപ്പിച്ച് കയറ്റുമതി കൂട്ടുകയാണ് ലക്ഷ്യം. ജൈവ ഏലകൃഷിയിൽ താല്പര്യമുള്ളവർക്ക് സ്പൈസസ് ബോർഡും കേരള കാർഷിക സർവ്വകലാശാലയും ആവശ്യമായ പ്രോത്സാഹനം നൽകും. നിലവിൽ പതിനഞ്ചോളം കർഷകർ ഇതിനെ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളതായും പുതിയ കർഷകരെ ആകർഷിക്കുന്നതിനായി 5 മാതൃക തോട്ടങ്ങൾ ജില്ലയിൽ ഒരുക്കുമെന്നും സ്പൈസസ് ബോർഡ് അസിസ്റ്റൻറ് ഡയറക്ടർ പറഞ്ഞു.

കൂടുതൽ കർഷകരെ ജൈവ കൃഷി രീതിയിൽ എത്തിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് മികച്ച ഏലം കർഷകർക്കുള്ള പുരസ്കാരം നേടിയ ചിത്ര കൃഷ്ണൻകുട്ടി. 2016 ൽ 5000 മെട്രിക്ക് ടൺ ഏലയ്ക്ക കയറ്റുമതി ചെയ്തിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 18 മെട്രിക്ക് ടണ്ണായാണ് കുറഞ്ഞത്.