പൊൻമുടിയിൽ നിയന്ത്രണം; അവധി ദിവസങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

പൊന്‍മുടിയില്‍ സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അടുത്തമാസം മുതല്‍ അവധി ദിവസങ്ങളില്‍ പൊന്‍മുടിയിലെത്തണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഹില്‍ടോപ്പില്‍  മൂന്നുമണിക്കൂര്‍ മാത്രമേ  തങ്ങാന്‍ അനുവദിക്കൂ. തിരക്കിനൊപ്പം അപകടങ്ങളും കൂടിയതോടെയാണ് നടപടിയെന്ന് വനവകുപ്പും പൊലീസും വിശദീകരിച്ചു.

പൊന്‍മുടിയുടെ കുളിര് തേടി മലമുകളിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. അവധി ദിവസങ്ങളില്‍ സൂചികുത്താനിടയില്ലാത്തവിധം തിരക്കാണ്.രാത്രിയായാല്‍ പോലും ആഘോഷങ്ങളും തിരക്കും അവസാനിക്കാറില്ല.വീതികുറഞ്ഞ മലമ്പാതകളും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ റോഡില്‍ വാഹനങ്ങള്‍ നിറയുന്നതോടെ അപകടങ്ങള്‍ പതിവായി. അതിനൊപ്പം ഗതാഗത കുരുക്കും ചേരുന്നതിനാല്‍ അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ പോലുമാവുന്നില്ല. ഈ സാഹചര്യത്തിലാണ് സഞ്ചാരികളെ നിയന്ത്രിക്കാന്‍ വനംവകുപ്പും പൊലീസും തീരുമാനിച്ചത്.

ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. ശനി, ഞായര്‍..പിന്നെ ആഴ്ചകളിലുള്ള പ്രത്യേക അവധി ദിവസങ്ങള്‍, ഈ ദിവസങ്ങളില്‍ പൊന്മുടിക്ക് പോകണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ബുക്കിങിന് പണം ഈടാക്കില്ല. ഒരു ദിവസം 200 കാര്‍, 250 ടൂ വീലര്‍ എന്നിവയെ അനുവദിക്കു. മാത്രവുമല്ല, ഏറ്റവും മുകളില്‍ മൂന്ന് മണിക്കൂറിലധികം തങ്ങാന്‍ ആരെയും അനുവദിക്കില്ല. ഒരേസമയം ആയിരത്തില്‍ താഴെ വാഹനങ്ങളെ മാത്രമെ പൊന്‍മുടി ഉള്‍ക്കൊള്ളൂവെന്നതിനാലാണ് നിയന്ത്രണങ്ങള്‍.