ചിന്നക്കനാലിൽ വ്യാജരേഖ ചമച്ച് ഭൂമി തട്ടാൻ ശ്രമം; പരാതിയുമായി ആദിവാസി സംഘടനകൾ

ഇടുക്കി ചിന്നക്കനാലിൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുക്കാൻ സ്വകാര്യ വ്യക്തികൾ ശ്രമിക്കുന്നതായി പരാതി. ഭൂമി പാട്ടത്തിനെടുത്ത ശേഷമാണ് തട്ടിപ്പ്. ഭൂമാഫിയക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ആദിവാസി സംഘടനകൾ രംഗത്ത്.

ചിന്നക്കനാലിലെ ആദിവാസി ഭൂമി പിടിച്ചെടുക്കാൻ പുതിയ മാര്‍ഗ്ഗമാണ് ഭൂമാഫിയാ പയറ്റുന്നത്. ആദിവാസികളെ സമീപിച്ച് തുശ്ചമായ തുക നല്‍കി സ്ഥലം ലീസിനെടുക്കും. പിന്നീട് ഇവിടെ കൃഷി തുടങ്ങും. എന്നാൽ ഇവർക്ക് ഒരു രൂപപോലും നല്‍കില്ല. ലീസിന് നല്‍കിയ ഭൂമിയിലേയ്ക്ക് പിന്നെ ആദിവാസികള്‍ക്ക് പ്രവേശനവും നിഷേധിക്കും. 

വീടും സ്ഥലവും ഉപേക്ഷിച്ച് പോയ കുടുംബങ്ങളുടെ സ്ഥലങ്ങളും ഭൂമാഫിയാ വ്യാജ ലീസ് എഗ്രിമെന്‍റുണ്ടാക്കി കൈവശപ്പെടുത്തുന്നതായും പരാതി ഉണ്ട് . മുന്നൂറ്റിയൊന്ന് കോളനിയിലാണ് കയ്യേറ്റം ഏറെയും. വിഷയത്തിൽ റവന്യു വകുപ്പ് ഇടപെടണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം.