കുഴിയടയ്ക്കാൻ ഒടുവിൽ പൊലീസ് ഇറങ്ങി; എന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കാലടിപ്പാലത്തിലെ അപകടക്കുഴികള്‍ അടച്ച് പൊലീസ്. കുഴികളില്‍ വീണ് ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍ പെടുന്നത്  പതിവായതോടെയാണ് പൊലീസ് മുന്നിട്ടിറങ്ങിയത്. പാലത്തിലെ കുഴിയടക്കാന്‍ പരാതി നല്‍കിയിട്ടും ഫണ്ട് അനുവദിച്ചിട്ടും അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

കാലടിപ്പാലത്തിലെ അപകടക്കുഴികള്‍ ജനങ്ങള്‍ക്കൊപ്പം   പൊലീസിനെയും കഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോളാണ് പൊലീസ് കുഴിയടയ്ക്കാന്‍ നേരിട്ട് കളത്തിലിറങ്ങിയത്. കാലടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബു പാലത്തിലെ വന്‍ കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചു. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. കുഴികള്‍ മൂലം കാലടിയില്‍ വന്‍ ഗതാഗതക്കുരുക്കുമാണ്. ഒരു കിലോമീറ്റര്‍ റോഡിലെ കുരുക്കഴിക്കാന്‍ മൂന്നുപൊലീസുകാരെങ്കിലും വേണ്ട സ്ഥിതിയാണ്. ജനങ്ങള്‍ പ്രതിഷേധിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. കുഴികളില്‍ വീണ് ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍ പെടുന്നതും ഇവരെ പൊലീസ് എത്തി ആശുപത്രിയിലാക്കുന്നതും പതിവാണ്. അപകടങ്ങളും ഗതാഗതക്കുരുക്കും കൂടിയതോടെയാണ് പൊലീസിന് ഗത്യന്തരമില്ലാതെ കുഴിയടയ്ക്കേണ്ടി വന്നത്. പാലത്തിലെ കുഴിയടക്കാന്‍ 7 ലക്ഷം രൂപ  ഫണ്ട് അനുവദിച്ചിട്ടും അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട് .