തകർന്നടിഞ്ഞ് നെടുമുടി റോഡ്; പ്രതിഷേധവുമായി നാട്ടുകാർ

കാൽ നടയാത്രപോലും അസാധ്യമാകുന്ന രീതിയില്‍  തകര്‍ന്ന് കുട്ടനാട് നെടുമുടിയിലെ ഗ്രാമീണ റോഡ്. റോഡിൽ അറ്റകുറ്റപ്പണി നടത്താത്ത അധികാരികളുടെ നിലപാടിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മഴക്കാലമായാല്‍ നീന്തിപോകേണ്ട അവസ്ഥയാണെന്ന്  പ്രദേശവാസികള്‍ പറയുന്നു.

നെടുമുടി പഞ്ചായത്ത് 12 -ാം വാർഡില്‍വൈശ്യം ഭാഗം എൽ .പി സ്കൂളിന് എതിർവശമുള്ള റോഡാണ് പൂര്‍ണമായി തകർന്നത്. ജംഗ്ഷൻ മുതൽ മുന്നൂറ്റമ്പത് പാടശേഖരം വരെ രണ്ട് കിലോമീറ്റര്‍ ദൂരം ഉള്ള റോഡ് പ്രദേശത്തെ 200 ഓളം കുടുംബങ്ങൾക്കുള്ള ഏക യാത്രാ മാർഗമാണ്. റോഡ് നിർമിച്ചിട്ട് 20 വർഷത്തിലധികമായി  അറ്റകുറ്റപ്പണിക്കായി പല തവണ ഫണ്ട് അനുവദിച്ചെങ്കിലും ഈ തുക വേണ്ട രീതിയിൽ ചെലവഴിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.മഴക്കാലമായാൽ നീന്തി പോകേണ്ട സ്ഥിതിയാണ്.

 രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും കഴിയുന്നില്ല പ്രദേശവാസികള്‍  പരാതിപ്പെടുന്നു .സമീപത്തുള്ള അംഗൻ വാടിയിലേക്ക് കുരുന്നുകൾക്ക് പോകാനുള്ള ഏക യാത്രാ മാർഗവും ഇതാണ്. സ്കൂൾ തുറന്നാൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാനുള്ള ഏക വഴിയാണ് തകർന്നു കിടക്കുന്നത്.റോഡ് ഇത്രയേറെ തകർന്നിട്ടും  പഞ്ചായത്തോ MLA യോ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.