ചെങ്ങന്നൂര്‍ താലൂക്കിൽ വാതില്‍പ്പടി വിതരണം നിലച്ചു; തൊഴിലാളി-കോണ്‍ട്രാക്ടർ തർക്കം

തൊഴിലാളികളും കോണ്‍ട്രാക്ടറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്കിലെ വാതില്‍പ്പടി വിതരണം നിലച്ചു. പുതിയ കോണ്‍ട്രാക്ടര്‍ എത്തിയശേഷം ശമ്പളവും മുടങ്ങിയെന്നാണ് തൊഴിലാളികളുടെ പരാതി. ആരോപണങ്ങള്‍ കോണ്‍ട്രാക്ടര്‍ നിഷേധിച്ചു.

ഒന്നരമാസം മുന്‍പ് പുതിയ കോണ്‍ട്രാക്ടര്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ്  തൊഴിലാളികളുടെ ആരോപണം. വര്‍ക്ക് ബുക്ക് തയാറാക്കിയിട്ടില്ല. ശമ്പളവും വൈകുന്നു. ഇതൊക്കെയാണ് ജോലി നിര്‍ത്തി വച്ചതെന്നും ഇവര്‍ പറയുന്നു. 

ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പണം ക്ഷേമനിധി ഓഫിസില്‍ അടച്ചെന്നും കോണ്‍ട്രാക്ടര്‍ റെജി വര്‍ഗീസ് പറയുന്നു.  സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള കൂലി വര്‍ധനവ് നല്‍കിയിട്ടുണ്ട്. ഗോഡൗണിലെ തൊഴിലാളികള്‍ തന്നെ വാതില്‍പ്പടി വിതരണത്തിനും പോകണമെന്ന വിചിത്രമായ ആവശ്യം ഉന്നയിക്കുന്നതായും ആരോപിക്കുന്നു. മറ്റെല്ലാം സ്ഥലത്തും പ്രത്യേകം തൊഴിലാളികളാണ്. ഇത് കാരണം സമയത്ത് സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് റേഷന്‍ വ്യാപാരികള്‍ക്കും പരാതിയുണ്ട്.