ഹൈവേയിൽ തെറ്റായ സൈൻ ബോർഡുകൾ; വട്ടം കറങ്ങി യാത്രക്കാർ

പുനലൂർ - മൂവാറ്റുപുഴ ഹൈവേയുടെ നിർമാണത്തിന് പുറമെ സൈൻബോർഡുകൾ സ്ഥാപിച്ചതിലും വ്യാപക പരാതി. പ്രധാന സ്ഥലങ്ങളിൽ തെറ്റായ ബോർഡുകൾ സ്ഥാപിച്ചതിനാൽ ദീർഘദൂര യാത്രകാർക്ക് വഴിതെറ്റുന്നത് പതിവായി. പ്രാദേശിക സ്ഥലനാമങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതും യാത്രക്കാർക്ക് ദുരിതമാകുന്നു. 

ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നാണ് പുനലൂർ - മൂവാറ്റുപുഴ ഹൈവേ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരടക്കം കടന്ന് പോകുന്ന റോഡിൽ പ്രധാന സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയ സൈൻ ബോർഡുകളില്ല. എരുമേലി, ശബരിമല, കാഞ്ഞിരപ്പള്ളി, പാല, കോട്ടയം, ചങ്ങനാശേരി, കറുകച്ചാൽ എന്നീ പേരുകൾ  ബോർഡുകളിൽ നിന്ന് ഒഴിവാക്കിയെന്നാണ് പ്രധാന പരാതി.  ശബരി പാതയിൽ നിന്നും മറ്റു റോഡുകളിലേക്ക് തിരിയുന്നിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം മിക്ക വാഹനങ്ങളും കിലോമീറ്ററുകളാണ് അധികം സഞ്ചരിക്കേണ്ടിവരുന്നത്. 

പല സ്ഥലങ്ങളിലും സ്ഥാപിച്ച  ബോർഡുകളിൽ അപ്രധാന സ്ഥലനാമങ്ങളാണ് ചേർത്തിട്ടുള്ളത്.  പ്രാദേശിക സ്ഥലനാമങ്ങളാണ് ബോർഡുകളിലേറെയും.പഴയിടം മണ്ണനാനിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് തിരിയുന്ന റോഡിൽ വാളക്കയം എന്ന ബോർഡ് മാത്രം. വഴി പരിചയമില്ലാത്തവരെ ചുറ്റിക്കറക്കാൻ പ്രാദേശിക ദിശാബോർഡുകൾ കാരണമാകുന്നുവെന്നാണ് പരാതി.