മൂന്നര വര്‍ഷത്തില്‍ വിളവ്; സ്വപ്ന പദ്ധതിയുമായി വൈക്കം നഗരസഭ

എല്ലാ വീടുകളിലും അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് വൈക്കം നഗരസഭ. മൂന്നര വർഷത്തിൽ വിളവ് ലഭിക്കുന്ന അത്യുൽപാദന ശേഷിയുള്ള തൈകൾ എണ്ണായിരം വീടുകളിലാണ് എത്തിക്കുന്നത്.  നഗരസഭ അങ്കണത്തിൽ പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചു. 

കർഷക ദിനത്തിലായിരുന്നു നഗരസഭയുടെ സ്വപ്ന പദ്ധതിയുടെ തുടക്കം. 250 രൂപ വിലവരുന്ന  തെങ്ങിൻ തൈകൾ 65 രൂപ ഗുണഭോക്ത വിഹിതം ഈടാക്കിയാണ്  നൽകുന്നത്. കർഷക ദിനത്തിൽ 200 പേർക്ക് തൈകൾ വിതരണം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭാ അംഗങ്ങൾ മുഖേന  മുഴുവൻ വീടുകളിലും തെങ്ങിൻ തൈകൾ എത്തിക്കും. കൃഷി വകുപ്പിൻ്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. എൺപത് പിന്നിട്ട കർഷക തൊഴിലാളികളേയും  കുട്ടി കർഷകരേയും കാർഷിക ദിനത്തിൽ നഗരസഭ ആദരിച്ചു.  'കിഴക്കേനട നയ്ക്കരേമഠം സജീഷിൻ്റെ മകളും എട്ടാം ക്ലാസുകാരിയുമായ നവമിയാണ് ആദരം ഏറ്റുവാങ്ങിയ കുട്ടികർഷക.കുടുംബത്തോടൊപ്പമുള്ള ഒന്നര ഏക്കറിലെ പച്ചക്കറി കൃഷിയിൽ നവമിയുടെ പങ്കാളിത്തമാണ് ശ്രദ്ധേയമായത്.