ചുരുളൻ വള്ളം കോട്ടയം മങ്ങാട്ടുകടവിൽ നിന്ന് പുറപ്പെട്ടു

തിരുവോണത്തോണിക്ക് അകമ്പടിയേകുന്ന ചുരുളൻ വള്ളം കോട്ടയം മങ്ങാട്ടുകടവിൽ നിന്ന് പുറപ്പെട്ടു. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിലെ പ്രതിനിധി എം.ആർ. രവീന്ദ്രബാബു ഭട്ടതിരിയാണു വള്ളത്തിൽ യാത്ര ചെയ്യുന്നത്. നാളെ വൈകിട്ട് ആറന്മുള ദേവസ്വം സത്രക്കടവിലെത്തുന്ന വള്ളം പിറ്റേദിവസം  കാട്ടൂർക്കു പുറപ്പെടും.

ഐതിഹ്യവും ചരിത്രവും ഇഴചേരുന്ന യാത്രയ്ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരുവോണനാളിൽ ഓണവിഭവങ്ങളുമായി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നാണു തിരുവോണത്തോണി പുറപ്പെടുന്നത്. കാട്ടൂർക്കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയുമാണു തോണിയിലെ യാത്രക്കാർ. മങ്ങാട്ട് ഇല്ലത്തിനു പാരമ്പര്യവഴിയിൽ കിട്ടിയതാണ് ഈ അവകാശം. കുമാരനല്ലൂരിൽ നിന്ന്  കാട്ടൂർക്കടവു വരെ ഭട്ടതിരിയുടെ യാത്ര ചുരുളൻ വള്ളത്തിലാണ്. പിന്നീടു തിരുവോണത്തോണിയിലേക്ക് മാറും. 

തിരുവോണനാളിൽ രാവിലെ ആറന്മുള മധുക്കടവിൽ തോണിയെത്തും. തോണിയിലെത്തിക്കുന്ന വിഭവങ്ങൾക്കൂടി ചേർത്താണു ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യ. ക്ഷേത്രത്തിൽ അത്താഴപൂജവരെ ഭട്ടതിരിയുടെ കാർമികത്വം ഉണ്ടായിരിക്കും. മങ്ങാട്ട് ഇല്ലം പണ്ടു ചെങ്ങന്നൂർ താലൂക്കിലെ കാട്ടൂർ എന്ന സ്ഥലത്തായിരുന്നു. പിന്നീടു കുമാരനല്ലൂരിലേക്കു താമസം മാറ്റി.