പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുടെ അശാസ്ത്രീയ നിര്‍മാണം; ദുരിതക്കയത്തിൽ നാട്ടുകാർ

പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയുടെ അശാസ്ത്രീയ നിര്‍മാണം മണിമലയില്‍ നാട്ടുകാര്‍ക്കും യാത്രകാര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. വളവുകള്‍ നികതാത്തതും വീതികുറവും പാലത്തിലെ വളവുകളും  ഹൈവേയില്‍ അപകടങ്ങള്‍ പതിവാക്കി. നടപ്പാത, ഓട നിര്‍മാണത്തിലെ അപാകത ഹൈവേയിലും പരിസരത്തെ വീടുകളിലും രൂക്ഷമായ വെള്ളക്കെട്ടിനും കാരണമായി. 

പുനലൂര്‍ മൂവാറ്റുപുഴ ഹൈവേ നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പരാതി പ്രളയമാണ്. പൊന്‍കുന്നം മുതല്‍ മണിമല വരെ സഞ്ചരിച്ചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത അക്കമിട്ട് നിരത്താം. മിക്കയിടങ്ങളിലും റോഡിന് വീതി കുറവാണ്. മൂലേപ്ലാവ് ഭാഗത്ത് രണ്ട് കൊടുംവളവുകള്‍ നിവര്‍ത്തിയിട്ടില്ല. 

റോഡിനേക്കാള്‍ ഉയരത്തില്‍ഓടകള്‍ നിര്‍മിച്ചതോടെ പരിസരത്തെ വീടുകള്‍ കുഴിയിലായി. എന്നാല്‍ ആവശ്യമുള്ള ഭാഗങ്ങളിലാകട്ടെ ഓട നിര്‍മിച്ചില്ല. ഓടകളിലേക്ക് വെള്ളം ഒഴുക്കാനുള്ള കുഴലുകള്‍ റോഡിനേക്കാള്‍ ഉയര്‍ത്തിയാണ് നിര്‍മിച്ചത്.കിലോമീറ്ററിന് പത്ത് കോടിയിലധികം മുടക്കിയാണ് ഹൈവേയുടെ നിര്‍മാണം. റോഡിന്‍റെ വീതികൂട്ടാന്‍ ഇരുനൂറിലേറെ വര്‍ഷം പഴക്കമുള്ള നൂറുകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി സ്ഥലങ്ങളും ഏറ്റെടുത്തു. ഈ ഭൂമിയെല്ലാം അതേപടി കിടക്കുന്നു. ഹൈവേ നിര്‍മാണത്തിന്‍റെ മറവില്‍ വ്യാപക അഴിമതിയുണ്ടെന്നാണ് ആരോപണം. അശാസ്ത്രീയ നിര്‍മാണത്തിനെതിരെ ജനകീയ സമിതികള്‍ക്ക് രൂപം നല്‍കിയാണ് നാട്ടുകാരുടെ സമരം. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജനകീയ സമിതികള്‍ കത്തയച്ച് പരിഹാരത്തിനായി കാത്തിരിക്കുകയാണ്.