പാടശേഖരത്തിലെ മോട്ടോറിൻ്റെ ഷാഫ്റ്റ് മോഷണം പോയി; പരാതി

വൈക്കം ഉദയനാപുരത്ത് സാമൂഹ്യ വിരുദ്ധർ പാടശേഖരത്തിലെ മോട്ടോറിൻ്റെ ഷാഫ്റ്റ് കടത്തികൊണ്ടു പോയതായി പരാതി. പഞ്ചായത്ത് പത്താം വാർഡിലെ കണ്ടംകേരി പാടത്തെ താൽക്കാലിക ഷെഡ് തകർത്താണ് മോഷണം. ഇതോടെ മുപ്പത്തഞ്ച്  ഏക്കറിൽ പുഞ്ചക്കൃഷി ഇറക്കുന്നതും  പ്രതിസന്ധിയിലായി.  

പത്ത് വർഷമായി തരിശുകിടന്ന പാടത്ത് മൂന്ന് വർഷം മുമ്പാണ് ചെറുകിട കർഷകർ കൃഷി തുടങ്ങിയത്. ഉറപ്പില്ലാത്ത പുറംബണ്ടുകൾ ബലപ്പെടുത്തി ഏറെ പണിപ്പെട്ടായിരുന്നു അന്നത്തെ കൃഷി.  ഒരു കൃഷി മാത്രം നടത്തിയിരുന്ന പാടത്ത് ഇത്തവണ പുഞ്ചകൃഷിയിറക്കാൻ കർഷകർ തീരുമാനിച്ചു. ഇതിൻ്റെ  ഒരുക്കങ്ങൾ നടത്താനെത്തിയപ്പോളാണ് മോട്ടോർ  നഷ്ടപ്പെട്ട വിവരം അറിയുന്നത്.പെട്ടിയും പറയും തകർത്താണ് മോട്ടോറിൻ്റെ ഇരുമ്പ് ഷാഫ്ററും അനുബന്ധ ഉപകരണങ്ങളം കടത്തിയത്. മോട്ടോർ പുരയുടെ ഒരു ഭാഗവും തകർത്ത നിലയിലാണ്. 

ഈ മാസം പുഞ്ചകൃഷിക്കായി മോട്ടോർ പ്രവർത്തിപ്പിച്ചുതുടങ്ങിയാൽ മാത്രമെ കൃഷിയിറക്കാൻ കഴിയൂ. തരിശുനിലത്തെ കൃഷിയായതിനാൽ ഏക്കറിന് മുപ്പതിനായിരം രൂപയോളം മുടക്കിയാണ് ഇവിടെ കർഷകർ വിതക്കുന്നത്.   വൈക്കം പോലിസിൽ പരാതി നൽകി.