നാടകത്തിന് അനുമതി നിഷേധിച്ചു; നിൽപു സമരവുമായി കലാകാരന്മാർ

സംസ്ഥാനത്തെ നാടക കലാകാരന്‍മാര്‍ തൃശൂര്‍ സംഗീത നാടക അക്കാദമിയ്ക്കു മുമ്പില്‍ നില്‍പു സമരം നടത്തി. ഒന്നരവര്‍ഷമായി നാടകം കളിക്കാത്തതിനാല്‍ കലാകാരന്‍മാരുടെ കുടുംബം പട്ടിണിയിലാണ്. നാടകത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നില്‍പുസമരം.    

പട്ടിണി മാറ്റാനാണ് ഈ സമരം. അരങ്ങില്‍ അഭിനയത്തിലൂടെ വിസ്മയം തീര്‍ത്ത കലാകാരന്‍മാരാണ് ഇവര്‍. കോവിഡ് കാരണം ഒന്നരവര്‍ഷമായി അരങ്ങൊഴിഞ്ഞിട്ട്. നാടകങ്ങള്‍ ഇല്ലാത്തതിനാല്‍ കലാകാരന്‍മാരുടെ വരുമാനവും മുടങ്ങി. നിശ്ചിത ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നാടകങ്ങള്‍ക്ക് അനുമതി വേണമെന്നാണ് ആവശ്യം. മദ്യശാലകളില്‍ ഇത്ര തിരക്കുണ്ടാകാമെങ്കില്‍ നാടകത്തിനോട് എന്തിനാണ് ഈ വിലക്കെന്ന് കലാകാരന്‍മാര്‍ ചോദിക്കുന്നു.

അരങ്ങും അണിയറയും എന്ന പേരിലുള്ള കൂട്ടായ്മയാണ് സമരം സംഘടിപ്പിച്ചത്. നാടക കലാകാരന്‍മാരുടെ പതിനൊന്ന് ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കുടുംബങ്ങളുടെ ദാരിദ്രം തുടരുമെന്ന് കലാകാരന്‍മാര്‍ പറയുന്നു.