സ്വാതന്ത്ര്യ ദിനത്തിൽ റോഡിനായി ശയനപ്രദക്ഷിണം; വേറിട്ട പ്രതിഷേധം

സ്വാതന്ത്ര്യ ദിനത്തിൽ റോഡിനായി ശയനപ്രദക്ഷിണം നടത്തി പ്രതിഷേധം. ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടിയിലെ നാട്ടുകാരാണ് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ആദിവാസിമേഖലയായതിനാൽ വനംവകുപ്പ് റോഡ് നിർമാണത്തിന് തടസം നിൽക്കുന്നുവെന്നാണ് ആരോപണം. 

സഞ്ചാര യോഗ്യമായ റോഡിനുവേണ്ടിയുള്ള ഇവരുടെ നിലവിളി ഇനിയെങ്കിലും വനംവകുപ്പും പൊതുമരാമത്ത് വകുപ്പും കേള്‍ക്കണം. വെള്ളിയാമറ്റം പഞ്ചായത്തിലെ 100 ഓളം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മേത്തൊട്ടി നെടിയേറ്റ് റോഡിന്റെ നിര്‍മാണം. റോഡിന്റെ ശോചനീയാവസ്ഥ കാരണം രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലസുകൾക്ക് പോലും ഇങ്ങോട്ടേക്ക് എത്താൻ സാധിക്കില്ല. 

ആദിവാസി മേഖലയായ ഇവിടുത്തെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുക വിനിയോഗിയക്കാൻ സാധിക്കാതെ നഷ്ടമാകുകയാണ്. റോഡ് നിര്‍ണാണത്തിന് പഞ്ചായത്തില്‍ നിന്ന് 74 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പ് നിര്‍മാണത്തിന് എന്‍ഒസി നല്‍കാത്തതാണ് ഈ പാവങ്ങളുടെ ദുരിതത്തിന് കാരണം.