ഒാണമെത്തി; തമിഴ്നാട്ടില്‍ പച്ചക്കറിയുടെ വിളവെടുപ്പ് പൂരം

ഓണമടുത്തതോടെ തമിഴ്നാട്ടില്‍ പച്ചക്കറിയുടെ വിളവെടുപ്പ് പൂരം. കേരളത്തിലേക്ക് വിവിധയിനം പച്ചക്കറികള്‍ കയറ്റിയയക്കുന്നതിനായുള്ള വിളവെടുപ്പ് കൃഷിയിടങ്ങളില്‍ സജീവമായി. തിരുവോണത്തോടടുക്കുമ്പോള്‍ സാമ്പത്തികമായും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കര്‍ഷകര്‍.  

തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിനി കാര്‍ത്തികയമ്മാള്‍ ഓണസദ്യക്കുള്ള വിഭവങ്ങളാണ് വിളവെടുക്കുന്നത്. കഴുതമേടിലെ ഈ കൃഷിയിടത്തിലെ വിളവെടുപ്പ് പോലെ തമിഴ്നാട്ടില്‍ മിക്കയിടത്തും പ്രതീക്ഷയുടെ ദിവസങ്ങളാണ്. പടവലവും കോവലും കാബേജും മുളകുമെല്ലാം അധികം വൈകാതെ കേരളത്തിലേക്കെത്തും. സമൃദ്ധമായ മഴയും മുല്ലപ്പെരിയാറില്‍ നിന്ന് കൃഷിക്ക് ലഭിച്ച വെള്ളവുമാണ് വിളവെടുപ്പ് നൂറുമേനിയാക്കിയത്. ലോക്ഡൗണില്‍ കുടുങ്ങി പച്ചക്കറികള്‍ നശിക്കുമോയെന്ന ആശങ്കകള്‍ ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ മാറിയതോടെ കാര്‍ത്തികയമ്മാളെ പോലുള്ള കര്‍ഷകര്‍ക്കും ഓണമെത്തിയാല്‍ മതിയെന്നായി. 

ഉത്സവകാലമായ ഓണത്തിനുൾപ്പെടെ തമിഴ്നാട്ടിൽ നിന്നു കേരളം വാങ്ങുന്നതു പ്രതിവർഷം 1500 മുതല്‍ 2000 കോടി രൂപയുടെ പച്ചക്കറികളും പഴങ്ങളുമാണ്.  എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളായി പച്ചക്കറിയുടെയും പഴങ്ങളുടെയും ഇറക്കുമതി കുറഞ്ഞിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.