ഓണം ലക്ഷ്യമിട്ട് ചെണ്ടുമല്ലിത്തോട്ടം; നിയന്ത്രണങ്ങളിൽ വ്യത്യസ്തമായി സഹകരണ ബാങ്ക്

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിജനമായ പാര്‍ക്കിങ് സ്ഥലത്ത് പൂക്കൃഷിയുമായി എറണാകുളം പറവൂര്‍–വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്. ഓണം ലക്ഷ്യമിട്ട് ചെണ്ടുമല്ലിത്തോട്ടമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.  

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിലെത്തുവര്‍ക്ക് ഇവിടെ നിന്നൊരു ഫോട്ടോ നിര്‍ബന്ധമാണ്. ബാങ്കിന്റെ ടൈല്‍ വിരിച്ച പാര്‍ക്കിങ് സ്ഥലത്താണ് ഗ്രോബാഗില്‍ ഒരുക്കിയിരിക്കുന്ന വസന്തം. നിയന്ത്രണങ്ങളാല്‍ ആളും വാഹനങ്ങളും ഒഴിഞ്ഞ സ്ഥലത്ത് പൂക്കൃഷി നടത്താമെന്ന ആശയം മുന്നോട്ടുവച്ചത് ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ആര്‍മിയാണ്. ആയിരം ഗ്രോബാഗും, ഹൈബ്രീഡ് തൈകളും ബാങ്ക് വാങ്ങി നല്‍കി. ഗ്രീന്‍ ആര്‍മി വെള്ളവും വളവും നല്‍കി പരിപാലിച്ചു. പത്തൊന്‍പതാം തീയതിയാണ് വിളവെടുപ്പ്.

ബാങ്ക് അംഗങ്ങളുടെ വീട്ടില്‍ പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി വിതരണം ചെയ്യും. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടിലെത്തിച്ചു നല്‍കാനും പദ്ധതിയുണ്ട്.