തിരുവോണത്തോണിക്ക് അകമ്പടിയാവാന്‍ ഇക്കുറി മാരാമണ്‍ പള്ളിയോടം

ആറന്‍മുളയില്‍ ഇക്കുറി തിരുവോണത്തോണിക്ക് അകമ്പടിയാവാന്‍ മധ്യമേഖലയില്‍ നറുക്കു വീണത് മാരാമണ്‍ പള്ളിയോടത്തിന്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം പള്ളിയോടം നീറ്റിലിറക്കുന്നതിന്‍റെ ആഘോഷത്തിലാണ് മാരാമണ്ണുകാര്‍. 

2018ലെ പ്രളയം മുതല്‍ മാരാമണ്‍ പള്ളിയോടം കരയ്ക്കിരിപ്പാണ്.  ആറ്റിലേക്കിറക്കേണ്ട വഴിയാകെ കാടുപിടിച്ചു. ഇക്കുറിയും നീറ്റിലിറക്കാന്‍ കഴിയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് തിരുവോണത്തോണിക്ക് അകമ്പടി പോകാനുള്ള നറുക്ക് വീഴുന്നത്. ഇന്ന് കരക്കാര്‍ ആവേശത്തിലാണ്. വള്ളത്തിന്‍റെ മിനുക്കു പണികളും പാതയിലെ കാടുകള്‍ തെളിക്കലുമൊക്കെയായി തിരക്കിലാണ് ജനങ്ങള്‍. പള്ളിയോടം ഇറക്കാനുള്ള പനങ്കീറുകളും ഒരുക്കി.

കിഴക്കന്‍ മേഖലയില്‍ നിന്ന് കോഴഞ്ചേരി പള്ളിയോടവും, പടിഞ്ഞാറമന്‍ മേഖലയില്‍ നിന്ന് കീഴ്വന്‍മഴി പള്ളിയോടവും തിരുവോണത്തോണിക്ക് അകമ്പടി പോകും. 51 പള്ളിയോടങ്ങളില്‍ നിന്നായിരുന്നു അകമ്പടിക്കുള്ള നറുക്കെടുപ്പ്. ഉത്രാടദിനത്തില്‍ വൈകിട്ട് പള്ളിയോടം നീറ്റിലിറക്കും.