ജവാൻ നിർമാണം തുടങ്ങാൻ അനുമതി; സ്പിരിറ്റ് മോഷണ സംഘത്തലവൻ അറസ്റ്റിൽ

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തിൽ ഏഴാം പ്രതിയായ മധ്യപ്രദേശിലെ മോഷണ സംഘത്തലവന്റെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം ജവാൻ മദ്യ നിർമ്മാണം തുടങ്ങാൻ എക്സൈസ് അനുമതി നൽകി. 

സ്പിരിറ്റ് മോഷണക്കേസിലെ പ്രതി സതീഷ് ബാർചന്ദ്  പാനിയുടെ  അറസ്റ്റാണ് മധ്യപ്രദേശിൽ എത്തിയ കേരള പോലീസ് സംഘം ജയിലിലെത്തി രേഖപ്പെടുത്തിയത്. പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തു. കസ്റ്റഡിയിൽ വാങ്ങാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. അബ്ബ എന്ന് വിളിക്കുന്ന സതീഷ് ബാലചന്ദ് പാനിയുടെ നേതൃത്വത്തിലാണ് പൈപ്പ് മുറിച്ച് സ്പിരിറ്റ് മോഷ്ടിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ അബ്ബാ മധ്യപ്രദേശിലെ സ്പിരിറ്റ് മോഷണ സംഘത്തിന്റെ തലവനാണ്. 

അതേസമയം   20 ദിവസത്തെ പ്രതിസന്ധിക്കൊടുവിലാണ്  ട്രാവൻകൂർ ഷുഗേഴ്സിൽ ജവാൻ റമ്മിന്റെ ഉൽപ്പാദനം പുനരാരംദിക്കുന്നത്. കേരള ബിവറേജസ് കോർപ്പറേഷൻ ഇതു സംബന്ധിച്ച ഉത്തരവ്  കൈമാറി. ബ്ലെൻഡ് ചെയ്ത 1,75,000 ലിറ്റർ മദ്യം വീണ്ടും അരിച്ച് പരിശോധനക്കയക്കും. പരിശോധനാഫലം തൃപ്തികരമെങ്കിൽ വെള്ളിയാഴ്ചയോടെ  നിർമ്മാണം തുടങ്ങാമെന്നാണ് പ്രതീക്ഷ.