കർക്കടക മാസാചരണത്തിന് തുടക്കം; നാലമ്പലങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

കര്‍ക്കടക മാസാചരണത്തിന് തുടക്കമായെങ്കിലും കോട്ടയത്തെ നാലമ്പലങ്ങളില്‍ ഇത്തവണ ഭക്തര്‍ക്ക് പ്രവേശനമില്ല. കോവിഡിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും പൂജകളും വഴിപാടുകളും ദിവസവും നടക്കും. തീര്‍ഥാടകര്‍ക്ക് വഴിപാടുകള്‍ ഫോണില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇക്കുറി ഒരുക്കിയിട്ടുണ്ട്. 

രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം. ദര്‍ശനപുണ്യം തേടി കോട്ടയത്തെ നാലമ്പലങ്ങളില്‍ ഓരോ വര്‍ഷവും എത്തിയിരുന്നത് ആയിരങ്ങളാണ്. കോവിഡിനെ തുടര്‍ന്ന് ഇത്തവണ ക്ഷേത്രമുറ്റങ്ങള്‍ വിജനമാണ്.  രാമപുരം ശ്രീരാമക്ഷേത്രത്തില്‍ തൊഴുത് കൂടപ്പുലത്തും അമനകരയിലും മേതിരിയിലും ദര്‍ശനം നടത്തി തിരിച്ച് ശ്രീരാമക്ഷേത്രത്തിലെത്തി ദര്‍ശനം പൂര്‍ത്തിയാക്കുന്നതായിരുന്നു ദര്‍ശന ക്രമം. ഓഗസ്റ്റ് പതിനാറ് വരെയാണ് രാമായണ മാസം. ക്ഷേത്രങ്ങളില്‍ പ്രത്രേക പൂജകളും വഴിപാടുകളും മുടക്കമില്ലാതെ തുടരും. നിരവധിപേര്‍ ഇതിനോടകം വഴിപാടുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തി.