ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ തകര്‍ന്നു വീഴാറായ മതില്‍ പൊളിച്ച് നീക്കുന്നില്ലെന്ന് പരാതി. മതില്‍ പൊളിക്കണമെന്ന് നഗരസഭ രണ്ടുവട്ടം നോട്ടിസ് നല്‍കിയിട്ടും പൊളിക്കല്‍ നടന്നിട്ടില്ല.

അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് ചെങ്ങന്നൂര്‍ നഗരത്തിലെ ഈ കരിങ്കല്‍ മതിലിന്. 2018ലെ പ്രളയത്തില്‍ കൂടുതല്‍ ദുര്‍ബലമായി. ചിലഭാഗങ്ങള്‍ തകര്‍ന്നു വീണു. കഴിഞ്ഞവര്‍ഷം മതിലിന്‍റെ ഒരുഭാഗം തകര്‍ന്ന് റോ‍ഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു. നിലവില്‍ മതിലിനോട് ചേര്‍ന്ന് കുഴിയെടുത്ത് ഓടനിര്‍മാണം പുരോഗമിക്കുകയാണ്. നടപ്പാത വരുന്നതോടെ അപകടസാദ്ധ്യത കൂടുമെന്നാണ് ആശങ്ക.

2018ല്‍ തന്നെ കെഎസ്ആര്‍ടിസി സിവില്‍ വിഭാഗത്തിന് പരാതി നല്‍കിയിരുന്നു. ചീഫ് എന്‍ജിനീയറടക്കം നേരിട്ട്  പരിശോധിച്ച് എസ്റ്റിമേറ്റ് നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഓഫിസ് കെട്ടിടമടക്കം പൊളിച്ചുപണിയാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അതിനൊപ്പം മതിലും പൊളിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം