കളമശേരിയിലെ വെള്ളപ്പൊക്കത്തിനു കാരണം ‘വല്ലാർപാടം’നിർമാണ അവശിഷ്ടം: അന്വേഷണ റിപ്പോർട്ട്

ആലുവ, കളമശേരി പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണം വല്ലാര്‍പാടം റയില്‍പാതയ്ക്കായി നിര്‍മിച്ച താല്‍ക്കാലിക ബണ്ടും നിര്‍മാണ അവശിഷ്ടങ്ങളുമെന്ന് ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വെള്ളപ്പൊക്കം ഒഴിവാക്കാന്‍ തടസം നീക്കി നീരോഴുക്ക് പുനസ്ഥാപിക്കണമെന്നാണ് 

നിര്‍ദേശം. കോടികള്‍ ചെലവുപ്രതീക്ഷിക്കുന്ന മാലിന്യനീക്കത്തിനായി അടിയന്തിര യോഗം വിളിച്ചുചേര്‍ക്കാന്‍ വ്യവസായമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

വടുതലക്കും വല്ലാര്‍പാടത്തിനുമിടയ്ക്ക് റയില്‍പാതയുടെ കീഴില്‍ കാണുന്ന ഈ പച്ചത്തുരുത്തുകളാണ് ആലുവ, കളമശേരി, ഏലൂര്‍ മുപ്പത്തടം ഭാഗങ്ങളില്‍ 

വെള്ളക്കെട്ടുണ്ടാക്കുന്നതെന്നാണ് കണ്ടെത്തല്‍. റയില്‍പാതാ നിര്‍മാണത്തിന്റെ ഭാഗമായി താല്‍ക്കാലിക ബണ്ട് ഉണ്ടാക്കിയിരുന്നു. ഇതിന്റെ കുറച്ചുഭാഗം മാത്രമാണ് നീക്കം ചെയ്തതെന്നും നീരൊഴുക്ക് തടസപ്പെട്ടതായും വ്യവസായമന്ത്രിക്ക് പരാതി ലഭിച്ചു. ജലവിഭവ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ 

നേതൃത്വത്തില്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ നിര്‍മാണ അവശിഷ്ടങ്ങളടക്കം പുഴയില്‍ തള്ളിയിട്ടുണ്ടെന്ന് കണ്ടെത്തി. പെരിയാര്‍ കൊച്ചി കായലുമായി ചേരുന്ന ഭാഗത്തുണ്ടായ തടസംമൂലം ഒരു കിലോമീറ്ററോളം ദൂരത്തില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് എക്കലും ഖരമാലിന്യവുമടിഞ്ഞു. 780 മീറ്റര്‍ 

വീതിയുള്ള ഭാഗത്ത് നീരൊഴുക്ക് പുനസ്ഥാപിക്കാന്‍ പതിനഞ്ചരലക്ഷം ഘനമീറ്റര്‍ ചെളി നീക്കം ചെയ്യണം. ചെളി തള്ളാന്‍ സമീപ ദ്വീപുകളില്‍ സ്ഥലം കണ്ടെത്തുകയും വേണം. 

അവശിഷ്ടങ്ങള്‍ നീക്കുമെന്ന് റയില്‍പാതാ നിര്‍മാണ കരാറുകാരായിരുന്ന അഫ്കോണ്‍സ് കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കാതിരുന്നതിന്റെ 

കാരണവും പരിശോധിക്കുന്നുണ്ട്.