തുടരുന്ന വെള്ളക്കെട്ട്; വാഴകൃഷി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

തിരുവല്ല നിരണം പഞ്ചായത്തില്‍ തുടരുന്ന വെള്ളക്കെട്ടില്‍  നിരവധി കര്‍ഷകരുടെ വാഴകൃഷി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍  കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു.

പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് നിരണം പഞ്ചായത്ത് അടക്കമുള്ള അപ്പര്‍ കുട്ടനാടന്‍മേഖലയിലെ കര്‍ഷകര്‍. രണ്ടാഴ്ചമുമ്പുണ്ടായ മഴയെതുടര്‍ന്ന് 

കൃഷിയിടങ്ങളില്‍ വെള്ളം കയറിയതാണ് കൃഷി നശിക്കാന്‍ കാരണം.  വെള്ളം കെട്ടിനിന്ന്  ചുവട് അഴുകിയാണ് വാഴകള്‍ മുഴുവനും നശിച്ചത്. ബാങ്കില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും സ്വര്‍ണം പണയംവച്ചുമാണ് പലരും കൃഷി ചെയ്യുന്നത്.ലക്ഷങ്ങളുടെ നഷ്ടമാണ് 

കര്‍ഷകര്‍ക്കുണ്ടായത്.  കളക്കുടി പുത്തന്‍ചിറ അനിരുദ്ധന്‍റെ മൂവായിരം വാഴകളാണ് നശിച്ചത്.നിരണം ഒന്നാം വാര്‍ഡിലെ അരുവാച്ചേരി എബ്രഹാം വര്‍ഗീസിന്‍റെ വാഴകൃഷിയും പച്ചക്കറി കൃഷിയും നശിച്ചു. സര്‍ക്കാരില്‍നിന്ന് മതിയായ നഷ്ടപരിഹാരം എത്രയും വേഗം ലഭിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു.