മൊബൈലിന് റെയ്ഞ്ചില്ല; ഓൺലൈൻ ക്ലാസ് താളം തെറ്റുമോ; മലയോരത്ത് ആശങ്ക

പുത്തന്‍ പ്രതീക്ഷകളുമായി അധ്യയനം തുടങ്ങുമ്പോള്‍ ഇടുക്കി അറക്കുളം പ‍ഞ്ചായത്തിലെ പതിപ്പള്ളി സെറ്റില്‍മെന്റിലെ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ പരിധിക്ക് പുറത്താണ്. മൊബൈല്‍ കണക്ഷനുകള്‍ക്ക് റേഞ്ച് ഇല്ലാത്തതിനാല്‍ ഷീറ്റുപുരയും കുന്നുമൊക്കെയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പള്ളിക്കൂടം. റേഞ്ച് പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

വൈഷ്ണവിനും അദ്വൈദിനും അവരുടെ മുഖ്യമന്ത്രിയോട് ഒന്നേ ആവശ്യപ്പെടാനുള്ളൂ. ഇതുപോലെ വീട്ടില്‍ ഇരുന്ന് പഠിക്കാന്‍ സൗകര്യം ചെയ്തുതരണം. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈലില്‍ റേഞ്ച് ലഭിക്കാന്‍ വീട്ടില്‍ നിന്ന് അരക്കിലോമീറ്ററോളം നടന്നാണ് സേതുരാമനും സഹോദരി സേതുലക്ഷ്മിയും ഇവിടെയെത്തിയത്. ഫോണ്‍ വിളിക്കാന്‍ ആവശ്യമായ റേഞ്ച് പലയിടത്തും ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അത് പര്യാപ്തമല്ല. റേഞ്ചില്ലാത്തതിൽ ഇവിടെയുള്ള അന്‍പതോളം വിദ്യാർഥികളാണ് ദുരിതത്തിലായിരിക്കുന്നത്.

വിക്ടേഴ്സ് ചാനല്‍ വഴി പഠിക്കാന്‍ സമീപത്തെ സാംസ്കാരിക കേന്ദ്രത്തിൽ ടിവി സ്ഥാപിച്ചിരുന്നു. പക്ഷെ അവിടെയും മൊബൈല്‍ റേഞ്ചില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മേമുട്ടത്തെ വിദ്യര്‍ഥികളെ കണ്ട് അവിടെനിന്ന് ഇറങ്ങിവരും വഴിയാണ് അവിചാരിതമായി ഞങ്ങള്‍ കീര്‍ത്തനയെ കണ്ടത്. ഷീറ്റുപുരയിലിരുന്നാണ് കീര്‍ത്തനയുടെയും പഠനം. കൂട്ടായി മാതാപിതാക്കളുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ മഴക്കാലത്ത് കുരുന്നുകളുടെ ദുരിതം ഇരട്ടിയാകും.