വകുപ്പുകൾ തമ്മിൽ തർക്കം; കുടിവെള്ളമില്ലാതെ എഴുപതോളം കുടുംബങ്ങൾ ദുരിതത്തിൽ

വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം വൈക്കം തലയോലപറമ്പിൽ ഒൻപത് വർഷമായി കുടിവെള്ളമില്ലാതെ എഴുപതോളം  കുടുംബങ്ങൾ ദുരിതത്തിൽ. പൊതുമരാമത്ത് വകുപ്പ് കാന നിർമ്മാണത്തിനിടെ തകർത്ത കുടിവെള്ള പൈപ്പ് പുനസ്ഥാപിക്കാത്തതാണ്  ദുരിതത്തിന് കാരണം. വെള്ളം നൽകാതെ, പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കാത്ത വാട്ടർ അഥോറിറ്റി  ഉപഭോക്താക്കൾക്ക്  ബില്ല് അയക്കുന്നത് മുടക്കിയിട്ടില്ല. 

2012 ലാണ് കെഎസ്ടിപി വൈക്കം-തലയോലപറമ്പ് റോഡ് പുതുക്കി നിർമിച്ചത്. ഓടപണിതപ്പോൾ കെ ആർ ഓഡിറ്റോറിയം മുതൽ പൊട്ടൻചിറ വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തെ കുടിവെള്ള പൈപ്പുകളും മണ്ണിനൊപ്പം നീക്കം ചെയ്തു. ഒൻപത് വർഷം പിന്നിട്ടിട്ടും ഭൂതപുരം നിവാസികൾക്ക് പൈപ്പ് പുനസ്ഥാപിച്ച് വെള്ളം നൽകാൻ നടപടിയില്ല. വെള്ളമില്ലെങ്കിലും 300 മുതൽ 3500 രൂപ വരെയുള്ള ബില്ല് പലർക്കും  മുടക്കമില്ലാതെ കിട്ടുന്നുണ്ട്. വെള്ളം വിലകൊടുത്തുവാങ്ങി ആഹാരമുൾപ്പെടെ പാകം ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ. 

വാട്ടർ അതോറിറ്റി തിരിഞ്ഞു നോക്കാതെ വന്നതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് പൈപ്പിടാൻ 10 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ നവംബറിൽ പൈപ്പ് ഇടാൻ തുടങ്ങിയപ്പോൾ  പൊതുമരാമത്ത് വകുപ്പ് തടഞ്ഞു.  കരാറുകാരൻ 500 മീറ്റർ പൈപ്പിട്ടു കഴിഞ്ഞപ്പോളായിരുന്നു  ഉദ്യോഗസ്ഥരുടെ ഇടപെടൽ.  പൈപ്പിടാൻ 8 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യം.  ഇതിന് വാട്ടർ അതോറിറ്റി തയ്യാറാകാത്തതാണ് സ്ഥിതി എന്ന് നാട്ടുകാർ ആരോപിക്കുന്നു.  ജനങ്ങളേ സേവിക്കേണ്ട സർക്കാർ വകുപ്പുകളുടെ തമ്മിൽതല്ലാണ് ഒരു നാടിന് കുടിവെള്ളം തന്നെ ഇല്ലാതാക്കിയത്. പ്രശ്നപരിഹാരത്തിന് ആരും മുൻകയ്യെടുക്കുന്നില്ലാ എന്നതും അവഗണന വ്യക്തമാക്കുന്നു.