വനിതാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഓടയ്ക്കുമുകളില്‍ സ്ലാബുകള്‍ സ്ഥാപിച്ചു

പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെതുടര്‍ന്ന് ചെങ്ങന്നൂരില്‍ വനിതാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഓടയ്ക്കുമുകളില്‍ സ്ലാബുകള്‍ സ്ഥാപിച്ചു. പുത്തന്‍കാവ് നമ്മള്‍ യുവജനകൂട്ടായ്മയുടെ സഹകരണത്തോടെയാണ് ചെങ്ങന്നൂര്‍ പത്താംവാര്‍ഡ് കൗണ്‍സിലര്‍ മിനി സജന്‍ പുത്തന്‍കാവ് – പിരളശേരി റോഡിനോ‌ടു ചേര്‍ന്നുള്ള ഓടയ്ക്കു മുകളില്‍ സ്ലാബുകള്‍ സ്ഥാപിച്ചത്.കേടുപാടുകളില്ലാത്ത പഴയ സ്ലാബുകള്‍ കെഎസ്ടിപി സൗജന്യമായി നല്‍കി.

ചെങ്ങന്നൂര്‍ പുത്തന്‍കാവ്–പിരളശേരി റോഡില്‍ സെന്‍റ് ആന്‍സ് സ്കൂള്‍ ഭാഗത്തേക്ക് തിരിയുന്നിടത്തെ ഓടയ്ക്കു മുകളില്‍ സ്ലാബുകള്‍ ഇടാത്തതിനാല്‍ അപകടങ്ങള്‍ പതിവായിരുന്നു. വാഹനങ്ങള്‍ ഓടയില്‍ വീണ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പുത്തന്‍കാവ് പാലം പുനര്‍ നിര്‍മിക്കുന്നതിനാല്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.സ്ലാബിടണമന്നുള്ള ആവശ്യം പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. നഗരസഭ റോഡല്ലാത്തതിനാല്‍ അവര്‍ക്കും ഒന്നും ചെയ്യാനായില്ല.ഇതേതുടര്‍ന്നാണ് പത്താംവാര്‍ഡ് കൗണ്‍സിലര്‍ മിനി സജന്‍ കെഎസ്ടിപി അധികൃതര്‍ക്ക് നഗരസഭാ സെക്രട്ടറി മുഖേന കത്ത് നല്‍കി. കേടുപാടില്ലാത്ത പഴയ സ്ലാബുകള്‍ നല്‍കാന്‍ കെഎസ്ടിപി സമ്മതിച്ചു.  നമ്മള്‍ യുവജന കൂട്ടായ്മയിലെ അംഗങ്ങള്‍ കുളനടയില്‍ നിന്ന് സ്ലാബ് കൊണ്ടുവന്ന് ഓ‌ടയ്ക്കു മുകളില്‍ സ്ഥാപിച്ചു.

പൊതുമരാമത്ത് വകുപ്പിന്‍റെയും പൊലീസിന്‍റെയും അനുമതിയോടെയാണ് സ്ലാബ് സ്ഥാപിച്ചത്.സ്ലാബുകള്‍എത്തിച്ച വാഹനത്തിന്‍റെ ചിലവ് കൗണ്‍സിലറും  പൊയ്കയില്‍ ജോര്‍ജ് ജോസഫും ചേര്‍ന്ന് നല്‍കി.വെള്ളപ്പൊക്കം,ഓഖി ദുരന്തം,വയനാട്ടിലെ ഉരുള്‍പൊട്ടല്‍,കോവിഡ് പ്രതിരോധം  തു‌ടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു പുത്തന്‍കാവ് നമ്മള്‍ യുവജനകൂട്ടായ്മ