'1000 രൂപ ചലഞ്ച്'; കോവിഡ് പ്രതിരോധത്തിൽ പങ്കു ചേർന്ന് എറണാകുളത്തുകാർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരെയും പങ്കാളികളാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ആയിരംരൂപ ചലഞ്ച് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളുടെ ഒരു മാസത്തെ ശമ്പളം പ്രത്യേക അക്കൗണ്ടിലേക്ക് സംഭാവന നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 

ഭക്ഷ്യകിറ്റുകളും, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. പക്ഷേ കോവിഡ് പ്രതിരോധത്തിന് ഇതുമാത്രം മതിയാകില്ലായെന്ന തിരിച്ചറിവാണ് എറണാകുളം ജില്ലാ പഞ്ചായത്തിനെ ഫണ്ട് സമാഹരണത്തിന് പ്രേരിപ്പിച്ചത്. ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യാനും, അശരണരായ രോഗികള്‍ക്ക് മരുന്നെത്തിക്കാനും, ഡയാലിസിസ് നടത്താനുമെല്ലാം പണം കണ്ടെത്തണം. ഐ.സി.യു, ഓക്സിജന്‍ ബെഡുകള്‍ ക്രമീകരിക്കാന്‍ ഒരു കോടിയും, ഡയാലിസിസ് രോഗികള്‍ക്കായി രണ്ടുകോടി എണ്‍പത്തിയേഴു ലക്ഷവും, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് മരുന്നെത്തിക്കാന്‍ 35 ലക്ഷവും, ഹീമോഫീലിയ രോഗികള്‍ക്കായി ഒന്നേകാല്‍ക്കോടി രൂപയും ജില്ലാ പഞ്ചായത്ത് നീക്കിവച്ചിരുന്നു. ചെല്ലാനം അടക്കമുള്ള മേഖലകളിലും കൂടുതല്‍ സഹായമെത്തിക്കേണ്ടതുണ്ട്. അതിനാണ് ആയിരംരൂപ ചലഞ്ച്.

പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് പുതിയ ബാങ്ക് അക്കൗണ്ട് തുറന്നിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സമൂഹ അടുക്കളകളിലേക്ക് ജനങ്ങള്‍ നല്‍കുന്ന സാധനങ്ങള്‍ എത്തിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.