ആലപ്പുഴയില്‍നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള കാലിത്തീറ്റ വിതരണം നിലച്ചു

ആലപ്പുഴയില്‍നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള കാലിത്തീറ്റ വിതരണം നിലച്ചു. ചേര്‍ത്തല പട്ടണക്കാട്ടെ മിൽമാ ഫാക്റ്ററിയില്‍ കരാറുകാരും ലോറി ജീവനക്കാരുമായുള്ള തർക്കമാണ് കാരണം. ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായിട്ടില്ല.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് കാലിത്തീറ്റ കൊണ്ടുപോകാൻ അഞ്ച് കരാറുകാരാണുള്ളത്. ചരക്ക് കൊണ്ടുപോകാനായി ഇവിടെയുള്ള ലോറിക്കാർക്ക് ഓട്ടം നൽകാത്തതാണ് തർക്കത്തിനും ,പ്രതിസന്ധിക്കും കാരണം. കാലാകാലങ്ങളായി ലഭിക്കുന്ന ഓട്ടം ഇല്ലാതാക്കി കരാറുകാര്‍ റിട്ടേൺ ട്രിപ്പ് ലോറികൾ ഉപയോഗിക്കുകയാണെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. തർക്കംരൂക്ഷമായതോടെ, പുറമേനിന്ന് വരുന്ന ലോറികൾ ഇവർ തടഞ്ഞു. ഇതാണ് കാലിത്തീറ്റ നീക്കം നിശ്ചലമാക്കിയത്. മാനേജ്മെന്റിലെ ചിലർ നടത്തുന്ന ഗൂഢാലോചനയാണ് എല്ലാത്തിനും കാരമെന്ന് സി.ഐ.ടി.യു കുറ്റപ്പെടുത്തി

എന്നാൽ ടണ്ണേജ് അടിസ്ഥാനത്തിലാണ് കരാറെടുത്തിട്ടുള്ളതെന്നും അതിന്റെ അടിസ്ഥാനത്തിൽ ഓടാൻ ലോറി തൊഴിലാളികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും കരാറുകള്‍ പ്രതികരിച്ചു.