കുട്ടിക്കുരങ്ങനെ കൂട്ടിലാക്കി; നെടുങ്കണ്ടത്തുകാർക്ക് ആശ്വാസം

ഇടുക്കി നെടുങ്കണ്ടത്തുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഒരാളെ വനം വകുപ്പ് കെണിയില്‍ കുടുക്കി. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യക്കാരനായ കുട്ടി കുരങ്ങനെയാണ് പിടികൂടിയത്. നല്ലനടപ്പ് ശീലിക്കാന്‍ കക്ഷിയെ തേക്കടി വനത്തില്‍ തുറന്ന് വി‌ടാനാണ് വനം വകുപ്പിന്റെ തീരുമാനം.  വിഡിയോ സ്റ്റോറി കാണാം. 

പത്ത് മാസത്തോളമായി നെടുങ്കണ്ടം അമ്പലപ്പാറക്കാരെ വിറപ്പിച്ച കുട്ടിക്കുരങ്ങനെയാണ് വനംവകുപ്പ് പിടികൂടിയത്. സാധാരണ കുരങ്ങന്മാരെ പോലെ കൃഷിയൊന്നും നശിപ്പിക്കില്ല ഇവന്‍. വീടിനുള്ളില്‍ തയാറാക്കി വച്ചിരിക്കുന്ന ഭക്ഷണത്തോടാണ് പ്രിയം. വിശന്നാല്‍ അടുക്കളയില്‍ കയറി ഭക്ഷണം അകത്താക്കും.  വീടിന്റെ മേല്‍ക്കൂര നശിപ്പിക്കും. വസ്ത്രങ്ങള്‍ എടുത്തുകൊണ്ട് പോകും. വീടുകള്‍ക്കുള്ളിലും വാനരന്റെ ശല്യം പതിവായി. കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ വനം വകുപ്പിന് പരാതി നല്‍കിയത്. കല്ലാര്‍ ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപിച്ച കെണിയിലാണ് കുസൃതി കുരങ്ങന്‍ കുടുങ്ങിയത്.