പൊലീസ് സ്റ്റേഷനിലെത്താതെ പരാതി അറിയിക്കാം; വഴിയരികില്‍ സംവിധാനം

പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ വഴിയരികില്‍ സംവിധാനമൊരുക്കി പൊലീസ്. കൊച്ചി കടവന്ത്രയിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കീയോസ്ക്ക് തുറന്നിരിക്കുന്നത്.  24 മണിക്കൂറും കീയോസ്ക്ക് പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് പൊലീസിങ്ങിന്റെ ഭാഗമായാണ് കടവന്ത്ര മെട്രോ സ്റ്റേഷനു മുന്‍വശത്ത് കീയോസ്ക്ക് തുറന്നിരിക്കുന്നത്.

പരാതി അറിയിക്കേണ്ടവര്‍ കീയോസ്ക്കിനകത്തുള്ള  കംപ്യുട്ടര്‍ പ്രവര്‍ത്തിപ്പിക്കുക. കംപ്യൂട്ടറിലെ വിഡിയോ ക്യാമറയുടെ ഐക്കണില്‍ ആദ്യം വിരലമര്‍ത്തുക. പൊലീസ് കണ്ട്രോള്‍ റൂമില്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍ മറുവശത്ത് വീഡിയോ കോളില്‍ വരും. ഉദ്യോഗസ്ഥനോട് പരാതി ബോധിപ്പിക്കാം. പരാതിയുമായി ബന്ധപ്പെട്ട രേഖകളോ, ചിത്രങ്ങളോ ഉണ്ടെങ്കില്‍ കീയോസ്ക്കിനുള്ളില്‍ പതിപ്പിച്ചിരിക്കുന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുക്കാം. 

സ്മാര്‍ട്ട് കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് പരാതി വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കി അതിന്റെ ചിത്രം ഇതേ വാട്സപ്പ്് നമ്പരിലേക്ക് അയച്ചുകൊടുക്കാം. കോവിഡ് കാലത്ത് പൊതുജനത്തിന് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തേണ്ട എന്നതാണ് കിയോസ്ക്കിന്റെ പ്രയോജനം.. കമ്മിഷണറുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലാണ് പുതിയ സംവിധാനം തുടങ്ങിയിരിക്കുന്നത്.