പ്രതിഭാതീരം പദ്ധതി ആലപ്പുഴയിൽ വ്യാപിക്കുന്നു; മുൻഗണന മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക്

മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി തുടങ്ങിയ പ്രതിഭാതീരം പദ്ധതി ആലപ്പുഴ ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കുന്നു. ഐടി കോഴ്സുകളിൽ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി.  രണ്ട് വർഷത്തിനുള്ളിൽ ആയിരം പേർക്ക് ഐടി മേഖലയിൽ തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.ഐടി മേഖലയിൽ തൊഴിൽ ഉറപ്പാക്കുന്ന പുതിയ പദ്ധതിയിൽ മത്സ്യതൊഴിലാളി കുടുംബങ്ങളിലെയും പിന്നാക്ക വിഭാഗത്തിലെയും കുട്ടികൾക്കാണ് മുൻഗണന. ആറ് മാസം ദൈർഘ്യമുള്ള രണ്ട് കോഴ്സുകളാണ് തുടങ്ങുന്നത്. 2 ഡി, 3 ഡി ഡിജിറ്റൽ സ്കിൽ പ്രോഗ്രാം, ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ പരിശീലനം നൽകും. പ്രതിഭാതീരം പദ്ധതിയുടെ കീഴിൽ തീരദേശത്ത് ഇപ്പോഴുള്ള പഠന മുറികളിൽ പരീശീലനം നടത്തും. 140 പേർക്ക് ആദ്യഘട്ട പരിശീലനത്തിന് ചേരാനാകും

ഓരോ കോഴ്സിനും മാസം അയ്യായിരം രൂപയാണ് ഫീസ്.  പരിശീലനം പൂർത്തിയാക്കി തൊഴിൽ ലഭിച്ച ശേഷം ഫീസ് തവണകളായി അടച്ചാൽ മതിയാകും. ഉദ്യോഗാർഥികൾ ഏപ്രി‌ൽ 30 നകം പ്രതിഭാതീരം ഫൗണ്ടേഷന്‍റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മേയ് ആദ്യവാരം പ്രവേശന പരീക്ഷയും പകുതിയോടെ ക്ലാസുകളും തുടങ്ങും.  ചേർത്തല ഇൻഫോ പാർക്കിന്‍റെ സാധ്യത കൂടി പ്രയോജനപ്പെടുത്തി പദ്ധതി വിപുലപ്പെടുത്തും.