ഏലം കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു; കർഷകർക്ക് ഇരുട്ടടി

വേനല്‍ കടുത്തതോടെ ഇടുക്കിയിൽ ഏലം കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു. വിലയിടിവിൽ നട്ടം തിരിഞ്ഞിരിക്കുന്ന കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ് പെട്ടന്നുണ്ടായ കൃഷി നാശം.  നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട്, പാമ്പാടുംപാറ, രാജകുമാരി, ശാന്തൻപാറ മേഖലകളിലാണ് ഏലം കരിഞ്ഞുണങ്ങുന്നത്. ഏലത്തിന്റെ ഇലകളാണ് ആദ്യം കരിയുന്നത്. തുടർന്ന് ചിമ്പും, ശരവും വെയിലേറ്റ് കരിഞ്ഞ് നശിക്കും. വിളവെടുക്കുവാന്‍ പാകമായ ഏലക്കായും ഉണങ്ങി കൊഴിഞ്ഞു വീഴുന്നു. 

ഏലത്തിനു പുറമേ കുരുമുളക്‌, കാപ്പി, വാഴ കൃഷികളും വേനലില്‍ നശികുകയാണ്‌. വേനല്‍ കടുത്തതോടെ ജലദൗര്‍ലഭ്യത കാരണം നനയ്ക്കാനും മാർഗമില്ല.ഏലത്തിന് കഴിഞ്ഞ വർഷം മൂവായിരത്തിന് അടുത്തായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 1400 വരെ മാത്രമെ കർഷകന് ലഭിക്കുന്നുള്ളു.