തിരിച്ചുപിടിക്കാന്‍ യുഡിഎഫ്; നിലനിര്‍ത്താന്‍ എല്‍ഡിഎഫ്; പോരാട്ടവീര്യത്തില്‍ കോതമംഗലം

തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പാരമ്യത്തിലാണ് ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം . കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫും  നിലനിര്‍ത്താന്‍ എല്‍ഡിഎഫും പ്രചാരണം കടുപ്പിക്കുമ്പോള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ട്വന്റി 20യും  ബിജെപിയും .

ഒരു നഗരസഭയും, 8 ഗ്രാമപഞ്ചായത്തുകളുമടക്കം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലം. ഭൂതത്താന്‍കെട്ടും, തട്ടേക്കാടും അടങ്ങുന്ന വിനോദസ‍ഞ്ചാരകേന്ദ്രങ്ങള്‍. കേരള കോണ്‍ഗ്രസിന്റേയും, യുഡിഎഫിന്റേയും തട്ടകമായിരുന്ന മലയോര മണ്ഡലത്തില്‍ സിപിഎമ്മിന്റെ ആന്റണി ജോണ്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് അട്ടിമറി വിജയം. മഹാ പ്രളയത്തേയും കോവിഡിനേയും അതിജീവിച്ച് അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞാണ് രണ്ടാം വിജയം ലക്ഷ്യമിട്ടുള്ള ആന്റണി ജോണിന്റെ പ്രചാരണം

കോതമംഗലത്തെ വീണ്ടും വലത്തേക്ക് അടുപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് ഇത് കന്നിയങ്കം കൂടിയാണ്. എന്റെ നാടെന്ന കൂട്ടായ്മയിലൂടെ മണ്ഡലത്തില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളും വോട്ടാകുമെന്നാണ് ഷിബുവിന്റെ പ്രതീക്ഷ 

എന്‍ഡിഎ സ്ഥാനാര്‍ഥി ഷൈന്‍ എന്‍ കൃഷ്ണനും പ്രചാരണ രംഗത്ത് സജീവമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ കളമറിഞ്ഞ് തന്നെയാണ് എന്‍ഡിഎയുടെ പ്രചാരണവും.

ട്വന്റി ട്വന്റിക്ക് വന്‍ സ്വാധീനമുള്ള കുന്നത്ത്നാടിനോട് ചേര്‍ന്നുള്ള കോതമംഗലത്തും പരമാവധി വോട്ടുകള്‍ നേടാനുള്ള ശ്രമത്തിലാണ് ട്വന്റി ട്വന്റി. പി.ജെ ജോസഫിന്റെ മരുമകന്‍ കൂടിയായ ഡോ. ജോ ജോസഫാണ് കോതമംഗലത്തെ ട്വന്റി ട്വന്റി സ്ഥാനാര്‍ഥി.