അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി. ഡിപ്പോ പെരുവഴിയിൽ

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇടുക്കി നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകളും ജീവനക്കാരും ഇപ്പോഴും പെരുവഴിയിൽ. നിലവിലെ ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതും പുതിയ ഡിപ്പോയുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. 

2015 ലാണ് നെടുങ്കണ്ടത്ത് കെ.എസ്.ആര്‍.ടി.സിയുടെ ഓപറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. സർവീസുകളുടെ എണ്ണം വർധിച്ചതോടെ ഡിപ്പോയായി മാറ്റി. എന്നാല്‍ അൻപതിനടുത്ത് സർവീസുകളുണ്ടായിരുന്നിടത്ത് 6 സർവീസുകൾ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വാടക കെട്ടിടത്തിലാണ് ഓപ്പറേറ്റിങ് സെന്ററിന്റെയും ഗാരേജിന്റയും പ്രവർത്തനം. ബസുകളും വഴിയരികിലാണ് ഒതുക്കിയിടുന്നത്. ജീവനക്കാർക്കുള്ള താമസ സൗകര്യവുമില്ല. പരാതികൾ പതിവായതോടെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ചെമ്പകക്കുഴിയില്‍ സൗജന്യമായി നൽകിയ സ്ഥലത്ത് ഡിപ്പോയുടെ നിർമാണം തുടങ്ങിയെങ്കിലും പണികൾ ഇഴഞ്ഞു നീങ്ങുകയാണ്.

കോവിഡിനെ തുടർന്നുണ്ടായ യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ഡിപ്പോ അടച്ചുപൂട്ടാനും നീക്കം നടന്നിരുന്നു. മലയോര മേഖലയിലെ സാധാരണക്കാരുടെ യാത്ര ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.