ഫ്ളാറ്റില്‍ നിന്ന് പൊതുകാനയിലേക്ക് ശുചിമുറി മാലിന്യം; പിഴ ഈടാക്കാന്‍ നഗരസഭ

ചാലക്കുടിയില്‍ ഫ്ളാറ്റില്‍ നിന്ന് ശുചിമുറി മാലിന്യം പൊതുകാനയിലേക്ക് തള്ളി. കാനയിലേക്ക് ഘടിപ്പിച്ചിരുന്ന രണ്ടു പൈപ്പുകളും ചാലക്കുടി നഗരസഭ ഇടപ്പെട്ട് അടപ്പിച്ചു.  ചാലക്കുടി അക്കര ആര്‍ക്കേഡിലെ ശുചിമുറി മാലിന്യം പൊതുകാനയിലേക്ക് ഒഴുക്കിവിട്ടിരുന്നതായി നഗരസഭാ ആരോഗ്യവിഭാഗമാണ് കണ്ടെത്തിയത്. കാനയിലേക്ക് മാലിന്യം തള്ളാന്‍ തുറന്ന് വച്ചിരുന്ന രണ്ടു പൈപ്പുകളും അടച്ചു. ചാലക്കുടി സി.കെ.എം.എന്‍.എ. സ്കൂളിനു തൊട്ടടുത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് ഈ മാലിന്യം തള്ളിയിരുന്നത്. ചാലക്കുടി പുഴയിലേക്കാണ് ഈ കാനയിലെ ജീര്‍ണിച്ച മാലിന്യങ്ങള്‍ ഒഴുകി വന്നിരുന്നത്. നഗരസഭ ആരോഗ്യവിഭാഗം സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പോളിന്റെ നേതൃത്വത്തിലായിരുന്നു നടപടി. 

ഫ്ലാറ്റ് ഉടമയില്‍ നിന്നും താമസക്കാരില്‍ നിന്നും പിഴ ഈടാക്കും. പൈപ്പുകള്‍ ഉടനെ നീക്കംചെയ്യും. വരുംദിവസങ്ങളിലും സമാനമായ പരിശോധനകള്‍ നഗരസഭയിലാകെ നടത്താനാണ് അധികൃതരുടെ തീരുമാനം.