12 ഏക്കറിൽ കൃഷി ഇറക്കി സ്വാശ്രയ സംഘം; പുത്തൻവേലിക്കരയിൽ വീണ്ടും കൃഷിയുടെ താളം

രണ്ട് പതിറ്റാണ്ടിലേറെയായി തരിശായി കിടന്ന വടക്കൻ പറവൂർ പുത്തൻവേലിക്കര പുതുക്കാട്ട് പാടത്ത് മുണ്ടകൻ കൃഷിയിറക്കി കർഷകർ. കാടുകയറി കിടന്ന പന്ത്രണ്ട് ഏക്കറിലാണ് സ്വാശ്രയ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. 

കള വേരുറപ്പിച്ച മണ്ണിലേക്ക് രണ്ട് പതിറ്റാണ്ടിനിപ്പുറം ഈ നെല്‍ക്കതിരുകള്‍ ഇനി വേരാഴ്ത്തും. വെള്ളവും വളവും വലിച്ചെടുത്ത് വളര്‍ന്ന്, കതിര്‍ക്കുലകളാകും. തരിശുകിടന്ന മണ്ണില്‍ കരുത്തോടെ വളര്‍ന്ന് നൂറുമേനി വിളവിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. കാർഷിക ഗ്രാമമായ വടക്കൻ പറവൂർ പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവ് പുതുക്കാട്ട് പാടശേഖരത്തിലാണ് വീണ്ടും കൃഷിയുടെ താളം മുഴങ്ങുന്നത്. പാടശേഖര സമിതിയുടെയും ,മൈത്രി സ്വാശ്രയ കർഷക സംഘത്തിന്റെയും നേതൃത്വത്തിൽ 12 ഏക്കറിൽ മുണ്ടകൻ കൃഷിയാണിറക്കിയത്. ഞാറുനടീല്‍ ഉദ്ഘാടനം ചെയ്യാന്‍ വി.ഡി.സതീശന്‍ എം.എല്‍.എയുമെത്തി. 

സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് പഞ്ചായത്തിലെ നൂറേക്കറോളം പാടത്ത് ഈ വർഷം പുതിയതായി നെൽകൃഷി ഇറക്കുന്നുണ്ട്. ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രീയ ഉപദേശങ്ങൾ പ്രകാരമാണ് കൃഷി.