പ്രതീക്ഷകള്‍ക്ക് മേലെ പണി തുടങ്ങിയ പാലം; വളന്തക്കാട് ഇന്നും വഞ്ചിയിൽ തന്നെ

ഒരുപാട് പ്രതീക്ഷകള്‍ക്ക് മേലെ പണി തുടങ്ങിയ ഒരു പാലം യാഥാര്‍ഥ്യമാകാന്‍ കാത്തിരിക്കുകയാണ് കൊച്ചി നഗരത്തിന് വിളിപ്പാടകലെയുള്ള മരട് വളന്തകാട് 

ദ്വീപ് വാസികള്‍  . ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കാനുള്ള പാലം പണി നിലച്ചിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു . തൊട്ടടുത്തുള്ള കുണ്ടന്നൂരിലും വൈറ്റിലയിലും 

മേല്‍പാലങ്ങള്‍വന്നകാലത്തും വഞ്ചിയില്‍ തുഴയേണ്ട ഗതികേടിലാണ് ദ്വീപിലെ നാല്‍പത്തിയഞ്ച് കുടുംബം.

നഗരത്തിനോട് ചേര്‍ന്നാണെങ്കിലും, വളന്തകാട് ദ്വീപ് വാസികള്‍ക്ക് പക്ഷെ അങ്ങോട്ടെത്താന്‍ വഴിയില്ല. 2019 നവംബറില്‍ പണി തുടങ്ങിയ പാലത്തിലായിരുന്നു 

നാടിന്റെയാകെ പ്രതീക്ഷ. പക്ഷെ  പാലത്തിന് പിയര്‍ ക്യാപ് നിര്‍മിച്ചതല്ലാതെ പണി മുന്നോട്ടുപോയില്ല . പാലം പണിക്ക് കൊണ്ടുവന്ന കമ്പികള്‍ തുരുമ്പെടുത്ത് 

നശിക്കുകയാണ്. ഒന്നരവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അധിക‍ൃതരുടെ വാഗ്ദാനം. ഇതേ വാഗ്ദാനം ആവര്‍ത്തിക്കുകയാണ് മരട് നഗരസഭയിലെ, പുതിയ ഭരണസമിതിയും

ദ്വീപിലുള്ളവര്‍ക്ക് നഗരത്തിലെത്താന്‍ വഞ്ചികളെ ആശ്രയിക്കണം. മഴ തുടങ്ങിയാല്‍ വഞ്ചിയാത്രയും അപകടമാണ്. 

മേല്‍പാലവും മെട്രോയും മാളുകളുമൊക്കെയായി വളരെ വേഗം മുഖം മാറുന്ന കൊച്ചിയിലാണ് ഒരു കൊച്ചുപാലത്തിനായി വളന്തക്കാട് കാത്തിരിക്കുന്നതും. 

ഭരണത്തുടര്‍ച്ചയിലെത്തിയ പുതിയ നഗരസഭാസമിതി ഇനി ഇക്കാര്യത്തില്‍ എന്തു ചെയ്യുമെന്നാണ് അറിയേണ്ടതും.