ശബരി റെയിൽപാത; കുറിഞ്ഞിക്കാവിലൂടെയുള്ള അലൈൻമെന്റ് മാറ്റണം; പ്രതിഷേധം

ശബരി റെയില്‍പാത വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പാലാ കുറിഞ്ഞി കാവിനുള്ളിലൂടെയുള്ള അലൈന്‍ന്‍മെന്‍റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. റെയില്‍പാത വരുന്നതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവിന്‍റെ സ്വാഭാവികതയും ജൈവസമ്പത്തും നഷ്ടമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സൗകര്യപ്രദമായ മറ്റ് ഇടങ്ങള്‍ ഉള്ളപ്പോള്‍ കാവിനെ തിരഞ്ഞെടുത്തത് ദുരുദേശപരമാണെന്നും ആരോപിക്കുന്നു. 

ശബരി റെയില്‍പാത പദ്ധതിയുടെ ചെലവിന്‍റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചതോടെയാണ് പാതയുടെ അലൈന്‍മെന്‍റ് സംബന്ധിച്ച് ആക്ഷേപം ഉയരുന്നത്. നിലവിലെ അലൈന്‍മെന്‍റ് പ്രകാരം പാലാ കുറിഞ്ഞികാവിന് കുറുകെയാണ് പാത കടന്നുപോകുന്നത്. കുറിഞ്ഞിക്കാവ് വനദുര്‍ഗ്ഗാലയത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് കണകാക്കുന്നു. അയ്യായിരം വര്‍ഷം പഴക്കമുള്ള മുനിയറകളും കാവില്‍ ഇപ്പോളുമുണ്ട്. ഇതിന് പുറമെ നിരവധി അപൂര്‍വ സസ്യങ്ങളുടെയും ചെറു ജീവജാലങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥ കൂടിയാണ് കുറിഞ്ഞിക്കാവ്. കാവ് ഒഴിവാക്കികൊണ്ട് അലൈന്‍മെന്‍റ് തയ്യാറാക്കണമെന്നാണ് ആവശ്യം.

പുരുഷന്‍മാരുടെ താലമെടുപ്പും താലംതുള്ളലുമുള്ള ഏക വനദുര്‍ഗ്ഗാലയമാണ് കറിഞ്ഞികാവ്. അലൈന്‍മെന്‍റ് മാറ്റി കാവിനെ സംരക്ഷിക്കണമെന്നാവശ്യവുമായി ജനപ്രതിനിധികളെയടക്കം നാട്ടുകാര്‍ സമീപിച്ച് കഴിഞ്ഞു. നാടിന്‍റെ ആവശ്യത്തിന് അനുകൂലമായ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ.