പാടശേഖരത്തിൽ മട വീണു, നശിച്ചത് 250 ഏക്കറിലെ നെൽകൃഷി; ദുരിതം

വൈക്കം വാഴമന മാനാപ്പള്ളി പാടശേഖരത്തിൽ മട വീണ്  250 ഏക്കറിലെ നെൽകൃഷി നശിച്ചു.  ശക്തമായ വേലിയേറ്റത്തിലും മഴയിലുമാണ് പുറംബണ്ട് തകർന്നത്.   25 മുതൽ 45 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് വെള്ളത്തിലായത്.

വെള്ളിയാഴ്ച രാത്രിയാണ് മട വീണ് 250 ഏക്കറിലെ കൃഷി വെള്ളത്തിലായത്. 3 ഘട്ടങ്ങളായി വിതച്ച പുഞ്ചകൃഷി നശിച്ചതോടെപ്രതിസന്ധിയിലായത് നൂറിലധികം കർഷകർ. പറിച്ചുനട്ട് വളമിറക്കിയ നെൽച്ചെടികൾ വെള്ളത്തിലായതോടെ നെഞ്ചിടിപ്പിനിടയിലും കൃഷി സംരക്ഷിക്കാനുള്ള പെടാപ്പാടിലാണ് കർഷകർ. പലരും രണ്ടാം വളമിറക്കി, ഏക്കറിന് ഇരുപത്തി അയ്യായിരത്തോളം രൂപ ചെലവാക്കിയാണ് കൃഷിയിറക്കിയത്. .ഭൂരിഭാഗം വരുന്നപാട്ട കർഷകരുടെ പാടങ്ങളും വെള്ളം നിറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാണ്. 6 കിലോമീറ്ററിലധികം വരുന്ന പുറം ബണ്ടാണ് ഇവിടെ തകർച്ചാഭീഷണി നേരിടുന്നത്. ബണ്ട് ഉയർത്തി ബലപ്പെടുത്തണമെന്ന വർഷങ്ങളായുള്ള കർഷകരുടെ ആവശ്യം അവഗണിച്ചതാണ് കൃഷി മുങ്ങാൻ കാരണം. 

മൂവാറ്റുപുഴയാറിന്‍റെയും കരിയാറിന്‍റെയും കൈവഴിയായതോടിനു സമീപമാണ് മാനാപ്പള്ളി പാടം. പതിറ്റാണ്ടുകളായി പുഞ്ചകൃഷിയിറക്കുന്ന ഇവിടെ ബലക്ഷയത്തിലായബണ്ട് സംരക്ഷിക്കാൻ യാതൊരു സഹായവും കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. വേലിയേറ്റവും മഴയും ശക്തമായതോടെ ദുർബലമായ കൂടുതൽ ഭാഗങ്ങളിലെ മട തകരുമെന്ന ആശങ്കയിലുമാണ് കർഷകർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും യന്ത്രങ്ങൾ എത്തിച്ച് തകർന്ന മട സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.