കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കണം; 'ഗിഫ്റ്റ് സിറ്റി'ക്കെതിരെ വൻ പ്രതിഷേധ റാലി

അയ്യമ്പുഴയിലെ നിര്‍ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ അങ്കമാലിയില്‍ വന്‍ പ്രതിഷേധ റാലി. ജനപ്രതിനിധികളുടെപോലും അറിവില്ലാതെ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന കുടിയൊഴിപ്പിക്കല്‍ നീക്കം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. ജനകീയ മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

മണ്ണിനോട് പോരടിച്ചവര്‍ ആ മണ്ണ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. അയ്യമ്പുഴയിലെ നിര്‍ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്തുള്ളവരാണ് ഈ സമരത്തില്‍ അണിനിരന്നിരിക്കുന്നത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നില്‍നിന്ന് ബാനറുകളും തലക്കെട്ടുമായി അവര്‍ നടന്നു നീങ്ങി.

മുന്നൂറിലധികംപേര്‍ സമരത്തില്‍ അണിനിരന്നു. കര്‍ഷകരെ കുടിയിറക്കുകയും, പാരിസ്ഥിതിക ഘടനയെ തകര്‍ക്കുകയും ചെയ്യുന്ന തീരുമാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ സിവില്‍സ്റ്റേഷന്‍ ഉപരോധിച്ചു.

അയ്യമ്പുഴ പഞ്ചായത്തിലെ 220 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് 1600 കോടി രൂപ മുതൽമുടക്കിലാണ് ഗ്ലോബൽ ഇന്റസ്ട്രീയൽ ഫിനാൻസ് ആന്റ് ട്രേയ്ഡ് സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി വരുന്നത്. എന്നാല്‍ പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികള്‍ക്കുപോലും വ്യക്തതയില്ലാത്തതാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നത്.