സർവീസ് വയറടക്കം മോഷ്ടിച്ച് സാമൂഹിക വിരുദ്ധർ; അയ്മനത്ത് കർഷകർ പ്രതിസന്ധിയിൽ

കോട്ടയം ജില്ലയില്‍ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട അയ്മനത്ത് കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. സാമൂഹ്യവിരുദ്ധര്‍ സര്‍വീസ് വയറും, മോട്ടോര്‍ പറയും മോഷ്ടിച്ചതോടെ തട്ടൂര്‍ക്കണ്ടത്തെ അന്‍പതിലേറെ കര്‍ഷകരാണ് വെട്ടിലായത്. പൊലീസിലുള്‍പ്പെടെ പരാതി നല്‍കിയിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ നടപടിയില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി തട്ടൂര്‍ക്കണ്ടത്തെ കര്‍ഷകര്‍ക്ക് നിരത്താനുള്ളത് നഷ്ടകണക്കാണ്. കഴിഞ്ഞ സീസണില്‍ വിതയ്ക്കാന്‍ വൈകിയതോടെ ഇരുനൂറ് ടണ്ണിലേറെ ഉത്പാദനം കുറഞ്ഞു. ഇത്തവണത്തെ കൃഷിയിലൂടെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. വിത തുടങ്ങാനിരിക്കെയാണ് സാമൂഹ്യവിരുദ്ധര്‍ വില്ലന്‍മാരായി അവതരിച്ചത്. പാടത്തെ വെള്ളംവറ്റിക്കാന്‍ മോട്ടോര്‍ സ്ഥാപിക്കാനെത്തിയപ്പോള്‍ സര്‍വീസ് വയറില്ല. സര്‍വീസ് വയറുമായി വന്നപ്പോള്‍ മോട്ടോര്‍ പറയും പ്രദേശത്തെ സാമൂഹ്യവിരുദ്ധര്‍ കൊണ്ടുപോയി. ഒരാഴ്ച പിന്നിട്ടിട്ടും പൊലീസും കൃഷിവകുപ്പും കര്‍ഷകര്‍ക്ക് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇത്തവണ കൃഷിയിറക്കിയില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ തടസപ്പെടും. പാടശേഖരത്തില്‍ കളകള്‍ പടര്‍ന്ന് പിടിക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതിനെല്ലാം കര്‍ഷകര്‍ തന്നെ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. വീട്ടുകാരുടെ സ്വര്‍ണവും മറ്റും പണയംവെച്ചും കടം മേടിച്ചും ബാധ്യതകള്‍ക്ക് നടുവിലായ കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റുവഴികളിലില്ലാ.  കൃഷിക്ക് താമസം നേരിട്ടാല്‍ മാര്‍ച്ച് മാസത്തിന് മുന്‍പ് കൊയ്ത്ത് പൂര്‍ത്തിയാക്കാനാകാതെ വരികയും തണ്ണീര്‍മുക്കം ബണ്ടിലൂടെ വരുന്ന ഉപ്പ് വെള്ളം പാടശേഖരത്തില്‍ കയറി കൃഷി പൂര്‍ണമായും നശിക്കുകയും ചെയ്യും.